
ഇവന്‍ കര്‍ണ്ണന്‍; ദാനം ചോദിച്ച കൈകളിലേക്ക് സ്വന്തം വൃക്ക നല്‍കിയവന്‍
Posted on: 12 Mar 2015

കൊല്ലം: അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമല്ലോ വിവേകികള്‍ എന്നൊരു കവിവാക്യമുണ്ട്. വൃക്കരോഗം മരണത്തിലേക്ക് ക്ഷണിച്ച ഇരുപതുകാരന് ഒരു പ്രതിഫലവും വാങ്ങാതെ വൃക്ക പകുത്തുനല്‍കി ഇത്തരത്തില്‍ ജീവിതം ധന്യമാക്കിയിരിക്കുകയാണ് കണ്ണനല്ലൂര്‍ കള്ളിക്കാട് തെക്കതില്‍ വീട്ടില്‍ അനില്‍. അനിലിനെ 'എന്റെ കര്‍ണ്ണന്‍' എന്ന് വിശേഷിപ്പിച്ചത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകനായ അനിലിനെ താരം വിളിച്ച് അഭിനന്ദിക്കുകയും സിനിമാ ചിത്രീകരണത്തിനായി തേവള്ളിയില്‍ എത്തിയപ്പോള്‍ നേരിട്ട് കാണുകയും ചെയ്തു.
എറണാകുളം സ്വദേശിയായ ആശിഷ് രോഗം കടുത്ത് കിടപ്പിലാകുന്നത് 2012 ജനവരിയിലാണ്. ഒ നെഗറ്റീവ് രക്തഗ്രൂപ്പുകാരനായിരുന്ന ആശിഷിന് ഒരു ദാതാവിനെ കണ്ടെത്താന്‍ ഏറെ പാടുപെടേണ്ടിവന്നു. പത്രവാര്‍ത്ത കണ്ട അനില്‍ സ്വമനസ്സാലെ വൃക്ക ദാനംചെയ്യുകയായിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ താരത്തിന്റേതുപോലെ തിളക്കമുള്ളതല്ല അനിലിന്റെ ജീവിതം. പ്രായമായ അച്ഛനും അമ്മയും ഭാര്യയും നാലുമാസം പ്രായമായ മകള്‍ അശ്വതിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അനില്‍. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോയിരുന്ന അനിലിന് വൃക്കദാനത്തിനുശേഷം രണ്ടുവര്‍ഷത്തേക്ക് പ്രയാസമുള്ള ജോലികള്‍ ചെയ്യാനാകില്ലായിരുന്നു. തുടര്‍ ചെക്കപ്പുകളും നടത്തിയിട്ടില്ല. വരുമാനമാര്‍ഗ്ഗത്തിനായി പിന്നീട് ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞു. എന്നാല്‍ വണ്ടി വര്‍ക്ക്‌ഷോപ്പിലായതോടെ ആ മാര്‍ഗ്ഗവും അടഞ്ഞിരിക്കുകയാണ്. എഞ്ചിന്‍ നന്നാക്കുന്നതിനും ബാറ്ററി മാറുന്നതിനുമായി മുപ്പതിനായിരത്തിനടുത്ത്്്്്്് രൂപ ഉണ്ടായാലെ ഇനി ഓട്ടോ ഓടിക്കാനാകൂ. ദിവസക്കൂലിക്ക് പോയിക്കൊണ്ടിരിക്കുന്ന ജോലികള്‍ക്കാവട്ടെ സ്ഥിരതയുമില്ല.
ഓപ്പറേഷന്റേതായ മറ്റ് ശാരീരികാസ്വസ്ഥതകളൊന്നും ഇപ്പോള്‍ അനിലിനില്ല. കിട്ടുന്ന ചെറിയ വരുമാനത്തില്‍നിന്നും ഒരു പങ്ക് വൃദ്ധസദനങ്ങളിലേക്ക് ഭക്ഷണത്തിനായും നല്‍കുന്നു. അവിടുത്തെ അന്തേവാസികള്‍ക്ക് സ്വന്തം മകന്‍ തന്നെയാണ് അനില്‍. ആശിഷിന് 'അനിലേട്ടന്‍' എന്നപോലെ.
അനിലിന്റെ വൃക്ക പകര്‍ന്ന കരുത്തില്‍ ആശിഷ് ഇന്ന് ജീവിതത്തിന്റെ വര്‍ണങ്ങള്‍ വീണ്ടും അനുഭവിക്കുകയാണ്. അമ്മയും അമ്മാവന്റെ കുടുംബവുമടങ്ങുന്ന പെരുമ്പാവൂര്‍ അനുഗ്രഹയിലെ ആശിഷ് ഇപ്പോള്‍ പി.ജി. ഡിപ്ലോമ ചെയ്യുന്നു. അനിലുമായി 'വൃക്ക ബന്ധത്തിന്' ഉപരി ഒരു ഹൃദയബന്ധവും ഈ കുടുംബം സൂക്ഷിക്കുന്നു.
