Crime News

മദ്യത്തില്‍ അളവുകുറഞ്ഞെന്ന് പറഞ്ഞതിലുള്ള വിരോധത്തില്‍ മര്‍ദ്ദനം: പ്രതികള്‍ക്ക് തടവും പിഴയും

Posted on: 11 Mar 2015



ഇരിങ്ങാലക്കുട: ബാറില്‍നിന്നു വാങ്ങിയ മദ്യത്തില്‍ അളവ് കുറവാണെന്ന് പറഞ്ഞതിലുള്ള വിരോധം വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ട് കോടതി തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. ബാര്‍ ജീവനക്കാരായ കണ്ണൂര്‍ ഇരിട്ടി കൂമന്താട് പീരിഗിര്‍ പോസ്റ്റില്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ സോണി (35), കോട്ടയം കാഞ്ഞിരപ്പള്ളി ചേമരമറ്റം കുമ്പമുക്കില്‍ വീട്ടില്‍ ജോബി (32) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് വി.ജി. ശ്രീദേവി വിവിധ വകുപ്പുകള്‍ പ്രകാരം 8 വര്‍ഷം തടവും, പതിനായിരം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷ വിധിച്ചത്.

2011 ഫിബ്രവരി 11ന് രാത്രി 10 മണിയോടെ തൃപ്രയാറിലുള്ള ബാറില്‍ വെച്ചായിരുന്നു സംഭവം. അന്തിക്കാട് മേനോത്തുപറമ്പില്‍ ശങ്കര്‍(43), താന്ന്യം പെരിങ്ങോട്ടുകര പുന്നമ്പുള്ളി ജയബോസ്(41) എന്നിവരാണ് മദ്യം വാങ്ങാന്‍ ബാറിലെത്തിയത്. വാങ്ങിയ മദ്യത്തില്‍ അളവ് കുറവാണെന്ന് പറഞ്ഞ് ശരിയായ രീതിയില്‍ മദ്യം തരുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനായ സോണി ബീര്‍ കുപ്പികൊണ്ട് ശങ്കറിന്റെ തലയിലും ഇടതുചെവിയിലും അടിച്ചു. ജോബി കുപ്പികൊണ്ട് തലയിലും ഇടതു ഷോള്‍ഡറിലും അടിച്ചു. തടയാന്‍ ചെന്ന ജയബോസിനെ കൈകൊണ്ടടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്. വലപ്പാട് എസ്‌ഐ കെ.എസ്. സന്ദീപാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സജി റാഫേല്‍ ടി., അഡ്വക്കറ്റുമാരായ അജയകുമാര്‍, ശ്രീകല എന്നിവര്‍ ഹാജരായി.

 

 




MathrubhumiMatrimonial