Crime News

പൈലറ്റാക്കാമെന്ന് വാഗ്ദാനം നല്‍കി തൊഴില്‍ തട്ടിപ്പ്്്: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: 11 Mar 2015


നെടുമ്പാശ്ശേരി: പ്രമുഖ വ്യവസായ ഗ്രുപ്പിന്റെ വിമാന കമ്പനിയില്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനം നല്‍കി തൊഴില്‍ തട്ടിപ്പിന് ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ചാലക്കുടി കെട്ടുകടവ് വേലത്തിപറമ്പില്‍ ദീപക് ആന്റോ (25), തിരുവനന്തപുരം കവടിയാര്‍ കനക നഗറില്‍ ആദില്‍ പര്‍വേശ് (24) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

മുംബൈ സ്വദേശി സൗരവ് സിങ്രൂപ് ആണ് തട്ടിപ്പിനിരയായത്. പൈലറ്റ് ലൈസന്‍സുള്ളയാളാണ് സൗരവ് സിങ്രൂപ്. ജോലി അന്വേഷിക്കുന്നതിനിടെയാണ് സൗരവ് സിങ്രൂപ്, ദീപക് ആന്റോയെ പരിചയപ്പെടുന്നത്. ജോലി തരപ്പെടുത്താമെന്ന് ദീപക് ആന്റോ ഉറപ്പ് നല്‍കി. തുടര്‍ന്ന് സുഹൃത്തായ ആദില്‍ പര്‍വേശുമായി ചേര്‍ന്ന് തൊഴില്‍ തട്ടിപ്പ് പദ്ധതി തയ്യാറാക്കി. വ്യവസായ ഗ്രൂപ്പിന്റെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനെ സ്വാധീനിച്ച് ലെറ്റര്‍ പാഡും തരപ്പെടുത്തി. തുടര്‍ന്ന് സൗരവ് സിങ്രൂപിനോട് നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍ ഇന്റര്‍വ്യൂവിന് എത്താന്‍ ആവശ്യപ്പെട്ടു. വ്യവസായ ഗ്രൂപ്പ് ചെയര്‍മാന്റെ മകനാണെന്ന വ്യാജേന ആദില്‍ പര്‍വേശ് ഹോട്ടലില്‍ എത്തി ഇന്റര്‍വ്യു നടത്തി. ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷം 65 ലക്ഷം രൂപ നല്‍കിയാല്‍ പൈലറ്റാക്കാമെന്ന് വാഗ്ദാനവും നല്‍കി. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊഴില്‍ തട്ടിപ്പാണിതെന്ന് കണ്ടെത്തി. വ്യവസായ ഗ്രൂപ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവ ഡിവൈഎസ്പി പി.പി. ഷംസ്, നെടുമ്പാശ്ശേരി സി.ഐ. എന്‍.കെ. മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, തട്ടിപ്പ് എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സൗരവ് സിങ്രൂപിന്റെ അക്കൗണ്ടിലേയ്ക്ക്് 3.5 ലക്ഷം രൂപ ഇട്ട് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനും ഇരുവരും ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഇരുവരെയും അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങും.

 

 




MathrubhumiMatrimonial