Crime News

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയുടെ കൊല: അന്വേഷണത്തിന് പ്രത്യേകസംഘം

Posted on: 10 Mar 2015


സിഡ്‌നി: സിഡ്‌നിയില്‍ കുത്തേറ്റുമരിച്ച ബെംഗളൂരു സ്വദേശി ഐ.ടി. ഉദ്യോഗസ്ഥ പ്രഭാ അരുണ്‍കുമാറിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു.

സിഡ്‌നിയിലെ ഇന്ത്യാ നയതന്ത്രജ്ഞന്‍ സഞ്ജയ് സുധീറുമായി ഇതുസംബന്ധിച്ച് ന്യൂ സൗത്ത് വെയില്‍സ് ഭരണത്തലവന്‍ മൈക്ക് ബെയേഡ് ഫോണില്‍ സംസാരിച്ചു.

ശനിയാഴ്ച രാത്രിയാണ് ജോലികഴിഞ്ഞു മടങ്ങവേ പ്രഭയ്ക്ക് അക്രമിയുടെ കുത്തേറ്റത്. വീടിന് 300 മീറ്റര്‍ അകലെവെച്ചാണ് സംഭവം.
ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുവരുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. തന്നെ ഉപദ്രവിക്കരുതെന്നും ആവശ്യമുള്ളതെല്ലാം എടുത്തോളൂവെന്നും പ്രഭ പറയുന്നത് ഇങ്ങേത്തലയ്ക്കല്‍ ഫോണിലൂടെ നിസ്സഹായനായി കേട്ടിരിക്കാനേ ഭര്‍ത്താവ് അരുണ്‍കുമാറിനു കഴിഞ്ഞുള്ളൂ. കുത്തേറ്റ പ്രഭയെ ഉടന്‍ സമീപത്തുള്ള ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വന്‍തോതില്‍ രക്തം വാര്‍ന്നതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. പിന്നീട് ഒരു ബന്ധുവിനെ വിളിച്ച് തനിക്കു കുത്തേറ്റുവെന്ന് കന്നഡയില്‍ പ്രഭ പറഞ്ഞിരുന്നു.

സിഡ്‌നി നഗരത്തിനു പുറത്തുള്ള വെസ്റ്റ്മീഡിലാണ് ആക്രമണം നടന്നത്. ഈവഴി പോകരുതെന്ന് പ്രഭയ്ക്ക് സുഹൃത്ത് നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. പണം കൊള്ളയടിക്കുന്ന സംഘമുണ്ടെന്നും അക്രമത്തിനു സാധ്യതയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. 'മിന്‍ഡ് ട്രീ' എന്ന കന്പനിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്നു പ്രഭ. ഒന്പതുവയസ്സുള്ള മേഘ്‌ന മകളാണ്.

പോലീസ് ഇതിനോടകംതന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പ്രഭ നടന്നുവരുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പാരാമറ്റ റെയില്‍വേ സ്റ്റേഷനില്‍ രാത്രി ഒമ്പതു മണിക്ക് ഇറങ്ങിയ പ്രഭയ്ക്ക് നടപ്പാതയില്‍വെച്ചാണ് കുത്തേറ്റത്. ആക്രമണത്തില്‍ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു.

പ്രഭയുടെ ഭര്‍ത്താവ് അരുണ്‍കുമാര്‍ സിഡ്‌നിയിലെത്തിയിട്ടുണ്ട്. സഞ്ജയ് സുധീര്‍, അരുണ്‍കുമാര്‍, പ്രഭയുടെ കമ്പനിയിലെ പ്രതിനിധി എന്നിവര്‍ പോലീസുമായി ചര്‍ച്ചനടത്തി. ഈ ചര്‍ച്ചയ്ക്കിടെയാണ്, അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചതെന്ന് വിദേശകാര്യവക്താവ് സയിദ് അക്ബറുദ്ദീന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സിഡ്‌നിയിലെ ഇന്ത്യാ നയതന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രഭയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും അറിയിച്ചു.

 

 




MathrubhumiMatrimonial