goodnews head

ആംബുലന്‍സ് വീണ്ടും പരീക്ഷാഹാളായി

Posted on: 10 Mar 2015

സ്വന്തം ലേഖകന്‍



സജ്‌ന ആംബുലന്‍സില്‍ പ്ലസ് വണ്‍ പരീക്ഷ എഴുതുന്നു
ജീവിത പരീക്ഷയില്‍ തോല്‍ക്കാതെ സജ്‌ന

പത്തനംതിട്ട: തൈക്കാവ് സ്‌കൂള്‍മുറ്റത്ത് ആംബുലന്‍സ് വീണ്ടും പരീക്ഷാഹാളായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം. പരീക്ഷാര്‍ഥി അന്നും ഇന്നും സജ്‌ന. മനക്കരുത്തിന്റെ ബലത്തില്‍ രോഗത്തെ പടിക്കുപുറത്ത് നിര്‍ത്തി ഇക്കുറി സജ്‌ന പ്ലസ് വണ്‍ പരീക്ഷ എഴുതി. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ ആംബുലന്‍സില്‍ ഇരുെന്നഴുതി സജ്‌ന ശ്രദ്ധാകേന്ദ്രമായിരുന്നു.

പേശികള്‍ക്ക് ബലം കുറയുന്ന അസുഖമാണ് സജ്‌നയ്ക്ക്. യാത്ര ചെയ്യുകയോ ചെറുതായി എവിടെയെങ്കിലും തട്ടുകയോ ചെയ്താല്‍പോലും എല്ലുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. ബാല്യത്തിലേ അസുഖം ബുദ്ധിമുട്ടിച്ചതിനാല്‍ സ്‌കൂളില്‍ പോകലും പഠനവും വൈകി. ഇപ്പോള്‍ 21ാം വയസ്സില്‍ പ്ലസ് വണ്ണില്‍ എത്തിയതുതന്നെ നല്ല മനക്കരുത്തോടെ മുന്നേറിയാണ്.

എസ്.എസ്.എല്‍.സി.ക്ക് രണ്ട് വിഷയങ്ങളില്‍ എ പ്ലസും മറ്റുള്ളവയ്ക്ക് എ ഗ്രേഡും നേടിയാണ് വിജയിച്ചത്. സ്ഥിരമായി ക്ലാസില്‍ എത്താന്‍ ആരോഗ്യം സമ്മതിക്കില്ലെങ്കിലും അതൊന്നും പഠനത്തെ ബാധിക്കാതെ നോക്കുകയാണ് ഈ വിദ്യാര്‍ഥിനി.

കുമ്പഴ ചരിവ്കാലായില്‍ ഹസന്‍കുട്ടിയുടെ ഇളയ മകളാണ് സജ്‌ന. മല്‍സ്യവ്യാപാരിയാണ് ഹസന്‍കുട്ടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ.സുലേഖ പരീക്ഷയ്ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കി. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് പരീക്ഷ ആംബുലന്‍സില്‍ എഴുതുന്നത്. രേണു കൃഷ്ണ എന്ന ഒന്‍പതാംക്ലാസ് കുട്ടിയാണ് എഴുത്തിന് സഹായി. ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചപ്രകാരം ആരോഗ്യവകുപ്പിന്റെ ആംബുലന്‍സാണ് സജ്‌നയ്ക്ക് വിട്ടുനല്‍കിയത്.

 

 




MathrubhumiMatrimonial