
ഷിഗോസി മുമ്പും കൊച്ചിയില്‍ കൊക്കൈന്‍ എത്തിച്ചു
Posted on: 10 Mar 2015
മോഡലുകള്‍ പിടിയിലായത് മയക്കുമരുന്ന് പാര്‍ട്ടിയുടെ ആലോചനക്കിടെ
കൊച്ചി: മയക്കുമരുന്ന് കേസില്‍ പിടിയിലായ നൈജീരിയക്കാരന്‍ ഒക്കേബ ഷിഗോസി മുന്‍പും കൊച്ചിയില്‍ കൊക്കൈന്‍ എത്തിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാളുമായി മുന്‍പ് ഇടപാടുകള്‍ നടത്തിയവരെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഷിഗോസിയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഷിഗോസിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇടപാടുകാരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സൗത്ത് റെയില്‍വേ സ്‌റ്റേഷനിലും വിവാദ വ്യവസായി നിഷാമിന്റെ കടവന്ത്രയിലെ ഫ്ലൂറ്റിലും ഷിഗോസിയെ തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു.
സുഹൃത്ത് നല്‍കിയ 40,000 രൂപയാണ് സഹ സംവിധായിക ബ്ലസി സില്‍വസ്റ്റര്‍ കൊക്കെയിന്‍ വാങ്ങാന്‍ ഉപയോഗിച്ചത്. ജനുവരി 29 നാണ് ബ്ലസിയുടെ ബാങ്ക് അക്കൗണ്ടി ലേക്ക് പണം എത്തുന്നത്. ഷിഗോസിയില്‍ നിന്ന് വാങ്ങിയ കൊക്കെയിന്‍ ഉപയോഗിച്ച് നോക്കുന്നതിനാണ് നടന്‍ ഷൈന്‍ ടോം ചാക്കോയെയും സുഹൃത്തുക്കളായ മറ്റ് രണ്ട് മോഡലുകളെയും രേഷ്മയും ബ്ലസിയും വിളിച്ച് വരുത്തിയത്. പിടിയിലായതിന് തൊട്ട് അടുത്ത ദിവസം നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ഇവര്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് മയക്കുമരുന്ന് പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
