Crime News

ചന്ദ്രബോസിന്റെ തലയ്ക്ക് പരിക്കില്ലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: 10 Mar 2015


മൊഴിയെടുക്കാമായിരുന്നെന്ന് സൂചന

തൃശ്ശൂര്‍:
നിഷാമിന്റെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിന് ഓര്‍മ്മയെ ബാധിക്കുന്ന രീതിയില്‍ പരിക്കൊന്നുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ചന്ദ്രബോസിന്റെ തലയ്‌ക്കോ സുഷുമ്‌നാ നാഡിക്കോ പരിക്കില്ലായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പരിക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പറയുന്നത്.
ചന്ദ്രബോസ് പൂര്‍ണ്ണ ബോധത്തോടെയാണ് ഒരുഘട്ടത്തില്‍ ആസ്പത്രിയില്‍ കിടന്നിരുന്നതെന്നുവേണം ഇതില്‍നിന്ന് അനുമാനിക്കാന്‍. ചന്ദ്രബോസിന്റെ മൊഴിയെടുക്കാവുന്നതായിരുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, നെഞ്ചിലും വയറിലും ഗൗരവമായ മുറിവുകളാണ് ഉണ്ടായിരുന്നത്. വെന്റിലേറ്ററില്‍നിന്നും മാറ്റിയ സമയത്ത് ചന്ദ്രബോസിന്റെ മൊഴിയെടുക്കാവുന്നതായിരുന്നു എന്നാണ് വിദഗ്ധരുടെ നിഗമനം.
19 ദിവസത്തോളം ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടും ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തതു സംബന്ധിച്ച് പോലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ആസ്പത്രിയില്‍ വെച്ച് ചന്ദ്രബോസ് സംസാരിച്ചിരുന്നെന്നും മൊഴിയെടുക്കാഞ്ഞത് അനാസ്ഥ മൂലമാണെന്നും ബന്ധുക്കളും ആരോപിച്ചിരുന്നു. കേസിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുന്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ അക്രമം നടന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതും ആരോപണത്തിനിടയാക്കിയിരുന്നു. ഇത് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ആസ്പത്രി അധികൃതരോ പോലീസോ ശ്രദ്ധിച്ചില്ല.
അക്രമത്തില്‍ ചന്ദ്രബോസിന്റെ ശ്വാസകോശം തകര്‍ന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് അറിയുന്നത്. ശ്വാസകോശത്തിന് വികസിക്കാനും ചുരുങ്ങാനുമുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. ശരീരത്തിലെ പല അവയവങ്ങള്‍ക്കും ഇത്തരത്തില്‍ ക്ഷതം സംഭവിച്ചിരുന്നു. വന്‍കുടലിലും ചെറുകുടലിലും മൊത്തം മുറിവുകളായിരുന്നു. എന്നാല്‍, എത്ര മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഇതില്‍ കണക്കില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരിക അവയവങ്ങളിലേക്ക് കുത്തിക്കയറിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.
കുടലിലെ മുറിവുകള്‍ മൂലം നിരവധി ശസ്ത്രക്രിയകള്‍ ചന്ദ്രബോസിന് നടത്തേണ്ടിവന്നിരുന്നു. ഒടുവില്‍ വന്‍കുടല്‍ പുറത്തേക്കു തുറന്നുവെക്കേണ്ടിയും വന്നു. ഇടതു കൈമുട്ടിലെ എല്ല് പൊട്ടിയിരുന്നു. രണ്ടു കാലിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. അടിവയറ്റില്‍ രക്തം കട്ടപിടിച്ചിരുന്നു. നെറ്റിയില്‍ രക്തം കട്ടപിടിച്ച പാടുണ്ടായിരുന്നെങ്കിലും ഇത് കാര്യമുള്ളതായിരുന്നില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത്ര വലിയ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുടെ മുറിവുകള്‍, പോലീസ് സര്‍ജന്‍ നേരിട്ടെത്തി പരിശോധിച്ചതുമില്ല.

 

 




MathrubhumiMatrimonial