Crime News

ഏഴംകുളം ദുരന്തം: പോലീസ്‌ഡ്രൈവറെ അറസ്റ്റ്‌ചെയ്തു

Posted on: 10 Mar 2015


അടൂര്‍: ഏഴംകുളം ദേവിക്ഷേത്ര ഉത്സവ കെട്ടുകാഴ്ചകണ്ട് മടങ്ങിയവരുടെ ഇടയിലേയ്ക്ക് പോലീസ്വാന്‍ ഇടിച്ചുകയറി മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ്‌ഡ്രൈവറെ അറസ്റ്റുചെയ്തു. പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ. പത്തനംതിട്ട വലിയപറമ്പില്‍ ഷെരീഫാ മന്‍സിലില്‍ മുഹമ്മദ് ഷാജിയെ (48)യാണ് അടൂര്‍ സി.ഐ. എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള േപാലീസ്സംഘം അറസ്റ്റ്‌ചെയ്തത്. പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍കഴിഞ്ഞ മുഹമ്മദ്ഷാജി ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയപ്പോഴാണ് അറസ്റ്റ്‌ചെയ്തത്.
ഫിബ്രവരി 24ന് രാത്രി 7.10നാണ് മദ്യപിച്ച് പോലീസ്വാന്‍ ഓടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയത്. അപകടത്തില്‍ ഏഴംകുളം കരിങ്ങാട്ടില്‍ വടക്കിനഴികത്ത് ശിവശങ്കരപ്പിള്ള (72), ഭാര്യ രത്‌നമ്മ (65), കൊട്ടാരക്കര പള്ളിക്കല്‍ ഉമേഷ്ഭവനില്‍ ഉണ്ണിക്കൃഷ്ണന്‍ (48) എന്നിവരാണ് മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി നരഹത്യയ്ക്കാണ് പോലീസ്‌ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നത്. തിങ്കളാഴ്ച അറസ്റ്റ്‌ചെയ്തശേഷം മുഹമ്മദ്ഷാജിയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് റിയാസിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

 

 




MathrubhumiMatrimonial