Crime News

മൂന്നുവയസ്സുകാരനെ പൊള്ളലേല്പിച്ച അച്ഛന്‍ അറസ്റ്റില്‍

Posted on: 10 Mar 2015


അഞ്ചല്‍: മൂന്നുവയസ്സുകാരനെ പൊള്ളലേല്പിച്ച കേസില്‍ അച്ഛനെ അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രജിതാഭവനില്‍ ജോസ് എന്ന തോമസ് ഫ്രാന്‍സിസാ(33)ണ് അറസ്റ്റിലായത്.
തോമസിന്റെ മകന്‍ മോനിഷ് തോമസി(3)നെയാണ് പൊള്ളലേല്പിച്ചത്. വലതുകൈയ്ക്കും ചുണ്ടിനും പൊള്ളലേറ്റ കുഞ്ഞ് തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ ചികിത്സയിലാണ്. രണ്ടാനമ്മ പ്രമീള (28) പോലീസ് നിരീക്ഷണത്തിലും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കൈയ്ക്ക് പൊള്ളലേറ്റനിലയില്‍ അയല്‍വാസികള്‍ കണ്ടത്. അങ്കണവാടി പ്രവര്‍ത്തകരും ഗ്രാമപ്പഞ്ചായത്ത് അംഗവും കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിയെ വിവരമറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അറിയിച്ചതനുസരിച്ച് ഡോക്ടറുടെ പരിശോധനയില്‍ കുട്ടിക്ക് വേണ്ടത്ര ആഹാരം ലഭിക്കുന്നില്ലെന്നും ആരോഗ്യക്കുറവുണ്ടെന്നും കണ്ടെത്തി. കുട്ടിയുടെ കൈ പൊള്ളിയത് ചൂട് കഞ്ഞിവെള്ളം വീണാണെന്ന് പ്രമീള പോലീസിന് മൊഴി നല്‍കി.
കുട്ടി സംസാരിക്കാത്തതിനാല്‍ പോലീസ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിയുടെ സംരക്ഷണയില്‍ വിട്ടു. അവരാണ് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ എത്തിച്ചത്.
കുട്ടിക്ക് പൊള്ളലേറ്റ വിവരം മാധ്യമശ്രദ്ധ നേടിയതോടെ അഞ്ചല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തി. അഞ്ചല്‍ എസ്.ഐ. സി.കെ.മനോജ് തോമസിനെ കസ്റ്റഡിയിലെടുത്തു. പ്രമീളയ്ക്ക് ആദ്യഭര്‍ത്താവില്‍ രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്.
ഏതാനും നാളുകള്‍ക്കുമുമ്പാണ് ഓട്ടോ ഡ്രൈവറായ തോമസ് മകനെയും കൂട്ടി പ്രമീളയുടെ കൂടെ താമസമാക്കിയത്. തോമസിന്റെ ആദ്യ ഭാര്യ പാമ്പുകടിയേറ്റ് മരിച്ചതാണ്. പ്രമീള മോനിഷിനോട് ക്രൂരമായി പെരുമാറിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കേസിന്റെ അന്വേഷണച്ചുമതല അഞ്ചല്‍ സി.ഐ. മനോജ്കുമാറിനാണ്. കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി എം.കെ.മുനീര്‍ ഉത്തരവിട്ടു.

 

 




MathrubhumiMatrimonial