Crime News

അരിക്കട ഉടമയുടെ കാര്‍പോര്‍ച്ചില്‍ നിന്ന് 4570 കിലോ റേഷനരി പിടിച്ചെടുത്തു

Posted on: 08 Mar 2015



ഏറ്റുമാനൂര്‍: അരിക്കട ഉടമയുടെ കാര്‍പോര്‍ച്ചില്‍ 88 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 4570 കിലോ റേഷന്‍ അരി പോലീസ് പിടിച്ചെടുത്തു. അതിരമ്പുഴ ശ്രീകണ്ഠമംഗലം ലിസ്യു പള്ളിക്ക് സമീപം ചളുക്കാട്ട് ജോര്‍ജ് മാത്യുവിന്റെ(സിബി-52) വീട്ടില്‍നിന്നാണ് ഏറ്റുമാനൂര്‍ പോലീസ് റേഷനരി പിടിച്ചെടുത്തത്. സിബിയെ അറസ്റ്റ് ചെയ്തു. അരി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറി.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സി.ഐ. ജോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സിബിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.

പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധത്തില്‍ അരി തൂക്കമെടുത്ത് സീല്‍ ചെയ്തശേഷമാണ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ക്ക് കൈമാറിയത്.

റേഷന്‍കടയില്‍ ഒരു രൂപ നിരക്കില്‍ പാവങ്ങള്‍ക്ക് നല്‍കുന്ന അരിയാണ് പിടിച്ചെടുത്തത്.
അല്പം നിറവ്യത്യാസം വരുത്തി മാര്‍ക്കറ്റില്‍ ഇത് കിലോഗ്രാമിന് 38 രൂപയ്ക്കാണ് വില്പനയ്‌ക്കെത്തുന്നത്. സിബിക്ക് അതിരമ്പുഴയിലും ഏറ്റുമാനൂരിലും അരിക്കടകള്‍ ഉണ്ട്. ഈ കടകളിലേക്കാണ് റേഷനരി കൊണ്ടുപോകുന്നതെന്നാണ് സൂചന.
അഡീഷണല്‍ എസ്.ഐ. സുരേന്ദ്രന്‍, ഗ്രേഡ് എസ്.ഐ. രാജന്‍, ഗ്രേഡ് എസ്.ഐ. ബാലന്‍, എ.എസ്.ഐ. അഷറഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.എച്ച്.നാസര്‍, മനോജ്, ഗീത എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial