Crime News

കൊക്കെയ്ന്‍: ആ ഫ്രാങ്ക് തന്നെ ഈ കോളിന്‍സ് എന്ന് സൂചന

Posted on: 08 Mar 2015


കൊച്ചി: കൊക്കെയ്ന്‍ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ നൈജീരിയക്കാരന്‍ കോളിന്‍സ് പല സമയത്ത് പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് സൂചന. കൊച്ചിയില്‍ പിടിയിലാവര്‍ പറഞ്ഞിരുന്ന ഫ്രാങ്ക് തന്നെയാണ് ഇപ്പോള്‍ പിടിയിലായ കോളിന്‍സ് എന്നാണ് പോലീസ് കരുതുന്നത്.

പോലീസ് പിടിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞത് കെവിന്‍ എന്ന പേരായിരുന്നു. എന്നാല്‍ ഇയാളുടെ നെഞ്ചിന്റെ എക്‌സ്-റേ എടുത്ത ഗോവയിലെ ആസ്പത്രിയില്‍ നല്‍കിയിരിക്കുന്ന പേര് ഫ്രാങ്ക് എന്നാണ്. ഗോവയില്‍ ഇയാള്‍ക്കെതിരെയുള്ള ഒരു കേസില്‍ നിക്കോളാസ് എന്ന പേരാണ് നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇയാളുടെ പാസ്‌പോര്‍ട്ട് വ്യാജമാകാനിടയുണ്ടെന്ന സംശയത്താല്‍ അക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ വരെ ഇന്ത്യയില്‍ തങ്ങാന്‍ കാലാവധിയുള്ളതാണ് പാസ്‌പോര്‍ട്ട്. ഇയാളെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇയാളോട് ചോദിക്കുന്നതിനുള്ള വിശദമായ ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

വിശദമായി ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷ. കടവന്ത്രയില്‍ ഇയാള്‍ എത്തിയ ഫ്‌ലാറ്റ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.

ഗോവയില്‍ എത്തിയത് തുണിക്കച്ചവടത്തിനാണെന്നാണ് കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘത്തോട് കോളിന്‍സ് പറഞ്ഞത്. എന്നാല്‍ ഗോവയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ നിന്ന് അതിന്റെ സൂചനകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.
20,000 രൂപയ്ക്കടുത്ത് മാസവാടകയുള്ള ഫ്‌ലാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. കൊക്കെയ്ന്‍ വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് കോളിന്‍സ് എന്ന ഫ്രാങ്ക് എന്നാണ് പോലീസിന്റെ നിഗമനം.

ഇയാള്‍ ഗ്രാമിന് 3,000 രൂപ നിരക്കിലാണ് കൊക്കെയ്ന്‍ കൈമാറിയിട്ടുളളത്. യഥാര്‍ഥ കൊക്കെയ്ന്‍ ഗ്രാമിന് 20,000 രൂപ വരെ വില വരുമ്പോള്‍ മായംചേര്‍ത്ത കൊക്കെയ്‌നാണ് വില കുറച്ച് നല്‍കിയതെന്നും പോലീസ് സംശയിക്കുന്നു. ഗ്ലൂക്കോസ്, ക്രോസിന്‍ തുടങ്ങിയവ അരച്ചു ചേര്‍ത്താണ് വിറ്റതെന്നാണ് പോലീസിന്റെ സംശയം.

 

 




MathrubhumiMatrimonial