
നിഷാമിനു വേണ്ടി ജയിലിലെ കാമറകള്‍ മിഴിതുറന്നു
Posted on: 08 Mar 2015

ജയിലില്‍ എല്ലായിടത്തും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം കാമറകളും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കേടായിരുന്നു. സെല്ലിനകത്ത് കാമറകള്‍ ഇല്ലെങ്കിലും സെല്ലിന്റെ പ്രവേശനക്കവാടത്തിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.
നിഷാമിനെ വിയ്യൂര്‍ ജയിലിലെത്തിച്ചതു മുതല്‍ വിവാദങ്ങളുമുണ്ടായിരുന്നു. ഈ സമയത്തെല്ലാം ജയിലിലെ കാമറകളില്‍ ഭൂരിഭാഗവും കേടായിരുന്നു. പിന്നീട് നിഷാമിന് ജയിലില്‍ ബിരിയാണി നല്‍കിയെന്ന ആരോപണവും ഉയര്‍ന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുന്നുവെന്ന ആരോപണവും ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായി. ഇതിനിടയില്‍ നിഷാമിനെ മറ്റൊരു കേസിലെ അന്വേഷണത്തിന് ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പുലര്‍ച്ചെ തിരികെയെത്തിക്കുകയും ചെയ്തു.
നിഷാം ജയിലിനകത്ത് ആരുമായും ബന്ധപ്പെടാതിരിക്കാനും ജയിലധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. ജയിലിനകത്ത് ശാന്തനാണെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ആരോപണങ്ങള്‍ ഉണ്ടാകാതിരിക്കാനും ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
മുളങ്കുന്നത്തുകാവ്: ചന്ദ്രബോസ് കൊലക്കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തില്‍പ്പെട്ട പേരാമംഗലം സിഐ പി.സി. ബിജുകുമാറിനെ അടിയന്തരമായി ആഭ്യന്തരവകുപ്പ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അടിയന്തര യോഗം നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാനായാണ് സി.ഐ. തിരിച്ചതെന്നും അറിയുന്നു. എന്നാല്‍ യാത്രയുടെ കാര്യത്തെപ്പറ്റി പറയാനായി സി.ഐ. തയ്യാറായില്ല.
