goodnews head

കലേഷിന് സോളാര്‍ വിളക്കിന്റെ പ്രഭയില്‍ പഠിച്ച് പരീക്ഷയെഴുതാം

Posted on: 08 Mar 2015



തൃക്കരിപ്പൂര്‍: മണ്ണെണ്ണവിളക്കിന്റെ മങ്ങിയ പ്രഭയില്‍ പഠനം നടത്തുന്ന സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി കലേഷിന് ഇനി സോളാര്‍ വിളക്കിന്റെ പ്രഭയില്‍ പഠിച്ച് പരീക്ഷ എഴുതാം.

ഇനിയും വൈദ്യുതിയെത്താത്ത ഒളവറയിലെ കലേഷിന്റെ വീട്ടില്‍ ചന്തേര ജനമൈത്രി പോലീസാണ് സൗരോര്‍ജവിളക്ക് എത്തിച്ചത്. ഒളവറയിലെ യു.കെ.അമ്പുവിന്റെയും സരോജിനിയുടെയും മകനാണ് കലേഷ്. വീട്ടില്‍ വയറിങ് പൂര്‍ത്തിയാക്കിയിരുന്നെങ്കിലും മൂന്ന് വൈദ്യുതത്തൂണുകള്‍ സ്ഥാപിച്ച് ലൈന്‍ വലിക്കേണ്ടതുണ്ട്. ഇതിന് 35,000 രൂപ വേണം. ഇതില്ലാത്തതിനാലാണ് വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ തടസ്സമായത്. എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ വീട്ടില്‍ വൈദ്യുതി എത്തിക്കാനുള്ള കെ.എസ്.ഇ.ബി. പദ്ധതിയില്‍ അപേക്ഷ നല്കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

പത്താംതരം വിദ്യാര്‍ഥി കലേഷിന്റെ ദുരിതം മനസ്സിലാക്കിയ ജനമൈത്രി പോലീസിന് ചന്തേരയിലെ പി.വി.സോമനാണ് സൗരോര്‍ജ വിളക്ക് നല്കിയത്.
ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായിക് ശനിയാഴ്ച കലേഷിന്റെ വീട്ടിലെത്തി വിളക്ക് നല്കി. നീലേശ്വരം സി.ഐ. പ്രേമന്‍, ചന്തേര എസ്.ഐ. പി.വി.രാജന്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


 

 




MathrubhumiMatrimonial