
വറ്റാത്ത കണ്ണീരുമായി വേദനതിന്ന് ഇവരിന്നും ജീവിക്കുന്നു
Posted on: 08 Mar 2015

തൃശ്ശൂര്‍ കലാകേന്ദ്ര ട്രൂപ്പില്‍ ടി.ജി. രവി സംവിധാനം ചെയ്ത 'ചെന്തെച്ചിക്കാവിലെ ദീപാരാധന' നാടകം എടപ്പാളില്‍ കളിക്കാന്‍ പോവുകയായിരുന്നു സംഘാംഗങ്ങള്‍. വൈകീട്ട് 4.45ഓടെ കാണിപ്പയ്യൂരില്‍വച്ച് ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു.
നടിമാരായ ജയശ്രീ നമ്പ്യാര്‍, തൃശ്ശൂര്‍ ശാന്ത, അനിത എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. നടി കൊളപ്പുള്ളി ലീലയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുമ്പോള്‍ അനിതക്ക് 21വയസ്സ്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ. ഇടത്തെ കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെട്ടു. മുഖം വികൃതമായി. അപകടത്തിനുശേഷം പതുക്കെപ്പതുക്കെ ഓര്‍മ്മ വീണ്ടെടുത്തു. നാടകജീവിതത്തിന് അന്ന് തിരശ്ശീല വീണു. അന്നുമുതല്‍ മുടങ്ങാതെ മരുന്ന് കഴിക്കണം ഇവര്‍ക്ക്.

35 വര്‍ഷത്തിലധികം നാടകാനുഭവമുള്ള ജയശ്രീയ്ക്ക് ഇന്ന് 70 വയസ്സ്. ദുരന്തത്തിന്റെ ബാക്കിപത്രമായി ഇന്നും ആസ്പത്രികളില്‍നിന്ന് ആസ്പത്രികളിലേക്കുള്ള യാത്രകളിലാണ്. അപകടത്തില്‍ കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞു, പല്ലുകള്‍ നഷ്ടപ്പെട്ടു. തുടയിലും കൈകളിലും സ്റ്റീലിട്ടു. 'ചെന്തെച്ചിക്കാവിലെ ദീപാരാധന'യുടെ ഒമ്പതാമത്തെ സ്റ്റേജിലേക്കുള്ള യാത്രയായിരുന്നു.
''ഇപ്പോഴൊന്നും ഓര്‍മ്മയില്ല. അപകടം ഞങ്ങളെ വികൃതരാക്കി. എല്ലാവരെയും വണ്ടി കുത്തിപ്പൊളിച്ചാണ് എടുത്തത്. എല്ലുകളെല്ലാം ഒടിഞ്ഞുനുറുങ്ങി മാസങ്ങളോളം ആസ്പത്രിയില്‍. നാടകത്തില്‍ ഉയരാനുള്ള യോഗമില്ല. പിന്നെ കൊതിച്ചിട്ട് എന്താ കാര്യം''. വേദനയോടെ ജയശ്രീ. ചുമ്മാര്‍ ചൂണ്ടലിന്റെ 'വീട്ടുമൃഗം' നാടകത്തില്‍ നടന്‍ മധുവിനൊപ്പം വേഷമിട്ടിട്ടുണ്ട്.
ചെറുപ്പത്തില്‍ നൃത്തത്തിലൂടെ നാടകരംഗത്തെത്തിയതാണിവര്‍. മാള അരവിന്ദന്റെ തബലവാദനത്തില്‍ നൃത്തം ചെയ്തിട്ടുണ്ട് ജയശ്രീ. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കൊപ്പം അമേച്വര്‍ നാടകങ്ങളും കളിച്ചു. ചെമ്മീന്‍, മൂടുപടം, ഉപ്പ് എന്നീ സിനിമകളില്‍ അഭിനയിച്ചു. കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ കഴിഞ്ഞ മൂന്നുമാസമായി കിട്ടാറില്ലെന്ന് പരിഭവപ്പെട്ടു അവര്‍. മകള്‍ക്കൊപ്പമാണ് ജയശ്രീയും അനിതയും കഴിയുന്നത്.
കമ്പിപ്പാര ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് എടുക്കുമ്പോള്‍ ഉണ്ടായ മുറിവിന്നും ഉണങ്ങിയിട്ടില്ലെന്ന് തൃശ്ശൂര്‍ ശാന്ത. എല്ലുകളെല്ലാം ഒടിഞ്ഞുനുറുങ്ങി രണ്ടു മാസത്തോളം ആസ്പത്രിയില്‍ കിടന്നു. നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ഇരുകാലുകളിലും ഇടത്തെ കൈയിലും സ്റ്റീലിട്ടു. അതുകൊണ്ട് പടികള്‍ കയറിയിറങ്ങാന്‍ സാധിക്കില്ല.
നാല്‍പ്പത്തിയാറ് വര്‍ഷത്തെ അഭിനയപാരമ്പര്യമുണ്ട് ഇവര്‍ക്ക്. കുന്നംകുളം ഗീതാഞ്ജലി ട്രൂപ്പിലാവുമ്പോള്‍ പി.ജെ. ആന്റണിക്കൊപ്പം നാടകം കളിച്ചു. ആയിരക്കണക്കിന് വേദികളില്‍ നാടകം അവതരിപ്പിച്ചു. അപകടത്തിനുശേഷവും തൃശ്ശൂര്‍ പ്രദര്‍ശനത്തില്‍ ദര്‍ശനക്കായി ചെറുനാടകങ്ങളില്‍ അഭിനയിച്ചിരുന്നു. അവിവാഹിതയായ ഇവര്‍ക്ക് തുണയായി മൂത്ത സഹോദരിയുടെ മക്കളാണുള്ളത്.
തയ്യാറാക്കിയത് ടി.എസ്. ധന്യ
