goodnews head

അതിജീവനത്തിന്റെ പോരാട്ടവീര്യവുമായി കുംബ

Posted on: 08 Mar 2015


വെള്ളമുണ്ട: കൈകള് കുത്തിനിരങ്ങിയാണെങ്കിലും ജീവിതത്തോടു കുംബയെന്ന ആദിവാസി സ്ത്രീ ഇന്നും മന്ദഹസിച്ചു നില്ക്കുന്നു. പാടത്ത് മണ്ണില് നിരങ്ങി പച്ചക്കറി കൃഷിയില് വ്യപൃതയാകുമ്പോള് ഈ ജീവിതം കൊണ്ട് ഇനിയുമേറെ നേടാനുണ്ടെന്ന പ്രത്യാശയിലാണിവര്.

ജന്മനാ പോളിയോ ബാധിച്ചാണ് വെള്ളമുണ്ട മംഗലശ്ശേരി മലയിലെ കൊല്ലിയില്‍ കുംബയുടെ അരയ്ക്കു താഴെ പൂര്ണമായും തളര്ന്നു പോയത്. കാഷ്ടപ്പാടുകള് നിറഞ്ഞതായിരുന്നു ബാല്യകാലം. സ്‌കൂളില് പോകാനൊന്നും കഴിഞ്ഞില്ല. ആര്ക്കും ഒരു ബാധ്യതയാവരുതെന്ന് അന്നുമുതലേ തീരുമാനിച്ചു.

ആരോഗ്യമുള്ള കൈകാലുകളില്ലെങ്കിലും ആര്ക്കു മുന്നിലും കൈനീട്ടാതെ സ്വപ്രയത്‌നം കൊണ്ടാണ് ഇത്ര കാലവും ഇവര്‍ ജീവിച്ചത്. സ്വപ്നങ്ങള് നരച്ചു തുടങ്ങുന്ന വാര്‍ധക്യത്തിലെത്തുമ്പോഴും ഈ വീട്ടമ്മയ്ക്ക് വിശ്രമമില്ല.

അകലെയുള്ള കിണറില് നിന്ന് വെള്ളം കോരി തലയില് വെച്ച് ഇരുകൈകള് കുത്തി നിരങ്ങി വന്നാണ് തന്റെ കൃഷിയിടം നനയ്ക്കുന്നത്.. തോട്ടത്തില് ഒരു കൈ നിലത്തുകുത്തി മറ്റേ കൈകൊണ്ട് തൂമ്പ കൊണ്ട് ആഞ്ഞു കിളയ്ക്കുകയും ചെയ്യുന്നു. കുടുംബ കൃഷിയിടത്തിലെ തന്റെ അധ്വാനത്തില്‍ നിന്നുള്ള പച്ചക്കറി ചന്തയില്‍ വിറ്റാണ് ഇത്ര നാളും കുംബ ജീവിതം കരുപ്പിടിപ്പിച്ചത്.
ഇതിനിടയില് ഒരു കുടംബം വേണമെന്ന് കുംബ അതിയായി ആഗ്രഹിച്ചു. ഏറെ വൈകിയാണെങ്കിലും വിവാഹം കഴിച്ചു. ഹൃദയ വാല്‍വിന് അസുഖമുള്ള ഭര്ത്താവിനെ പരിചരിക്കലും കുംബയുടെ ജോലിയായി. പ്രതീക്ഷയായി ജനിച്ച മകനെ അല്ലലറിയാതെ വളര്ത്താന് കുംബ തന്നെയാണ് മുന്നിട്ടറങ്ങിയത്. അസുഖം മൂര്ച്ഛിച്ച് ഭര്ത്താവ് കുങ്കന് അഞ്ചു വര്ഷം മുമ്പു മരിച്ചു. മകന് രാജുവിനെ പ്ലസ്ടു വരെ പഠിപ്പിച്ചു. തുടര്ന്ന് പഠിപ്പിക്കാന് കഴിവില്ലാത്തിനാല്‍ പഠനം പാതി വഴിയിലുപേക്ഷിച്ച് പന്തല്‍ നിര്‍മാണത്തിന് പോവുകയാണ് രാജു.
വികലാംഗ പെന്ഷന് കിട്ടുന്നുണ്ടെങ്കിലും അതൊന്നും ഒന്നിനും തികയില്ല.

കഴിഞ്ഞ രണ്ടു വര്ഷമായി രണ്ട് ഓപ്പറേഷനുകള് കഴിഞ്ഞു നില്ക്കുകയാണ്. പഴയതുപോലെ മനസ്സിനൊത്ത് ശരീരം വഴങ്ങുന്നില്ല. എന്നിരുന്നാലും നിരങ്ങി നീങ്ങി ചെടികള്‍ മണ്ണിലാഴ്ത്തി ജീവിതം കരുപ്പിടിപ്പിക്കുകയാണ് കുംബ.

 

 




MathrubhumiMatrimonial