Crime News

കാറില്‍ കടത്തിയ 53 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു

Posted on: 07 Mar 2015



കൊല്ലം: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടു വന്ന 53 ലക്ഷം രൂപ പോലീസ് വാഹനപരിശോധനയ്ക്കിടെ പിടികൂടി.കാറില്‍ പണവുമായി വന്ന ഉള്ളൂര്‍ പ്രശാന്ത് നഗര്‍ ടി.സി.404 സെക്കന്റ് ഫേസില്‍ താമസിക്കുന്ന ശ്രീകുമാറിനെ (53) അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകിട്ട് 6 മണിയോടെ കൊല്ലം വെള്ളയിട്ടമ്പലം ജംഗ്ഷനില്‍ നിന്നാണ് വാഹനം പിടികൂടിയത്.സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

കാറിന്റെ പിന്‍സീറ്റില്‍ ബാഗില്‍ വച്ചിരിക്കുകയായിരുന്നു പണം.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്.യാത്ര ചെയ്ത മാരുതി സാന്‍ട്രോ കാര്‍ സുഹൃത്തിന്റെയാണെന്ന് ശ്രീകുമാര്‍ പോലീസിനോട് പറഞ്ഞു.ഡ്രൈവര്‍ അനില്‍കുമാറും ഒപ്പമുണ്ടായിരുന്നു.കരുനാഗപ്പള്ളിയില്‍ നിന്നും വസ്തു ഇടപാടില്‍ കിട്ടിയ പണമാണെന്നാണ് ശ്രീകുമാര്‍ പോലീസിനോട് പറഞ്ഞത്.എന്നാല്‍ പണത്തിന് നികുതി അടച്ചതിന്റെയോ ഉറവിടം സംബന്ധിച്ചോ യാതോരു രേഖകളും ഇല്ലായിരുന്നെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ കൊല്ലം എ.സി.പി. കെ.ലാല്‍ജി പറഞ്ഞു.

പണം ഏതെങ്കിലും കുറ്റകൃത്യത്തിന്റെ ഭാഗമായി കൈമാറിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.ബാങ്കിന്റെ ലേബലുകളൊന്നും നോട്ടുകെട്ടുകളില്‍ ഇണ്ടായിരുന്നില്ല.തിരുവനന്തപുരത്ത് മുമ്പ് ഇലക്ട്രോണിക് ടെലഫോണ്‍ നിര്‍മാണ കമ്പനി നടത്തുകയായിരുന്നെന്ന് ശ്രീകുമാര്‍ പോലീസിനോട് പറഞ്ഞു.ഇത് പൂട്ടിയ ശേഷം വസ്തു ഇടപാട് ബിസിനസ് നടത്തിവരികയാണത്രെ.പണം പരിശോധനകള്‍ക്കു ശേഷം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.കൊല്ലം വെസ്റ്റ് സി.ഐ. മോഹന്‍ദാസ്,എസ്.ഐ.എന്‍.ഗിരീഷ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial