Crime News

തൃപ്രയാറില്‍ വന്‍ കഞ്ചാവ് വേട്ട

Posted on: 07 Mar 2015


പിടിയിലായ ശെല്‍വം. പിടിച്ചെടുത്ത കഞ്ചാവ്

തൃപ്രയാര്‍: തീരദേശത്തുനടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയില്‍ 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. 'ഗഞ്ച ശെല്‍വം' എന്നറിയുന്ന തമിഴ്‌നാട് കമ്പം പത്തനാ കാളിയമ്മന്‍ കോവില്‍ തെരുവ് ശെല്‍വം(48) ആണ് പിടിയിലായത്.തൃപ്രയാര്‍ മേല്‍തൃക്കോവില്‍ ശിവക്ഷേത്രത്തിനടുത്തുനിന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പി.എ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. വലപ്പാട് സി.ഐ. ആര്‍. രതീഷ്‌കുമാര്‍, എസ്.ഐ. കെ.ജി. ആന്റണി, എ.എസ്.ഐ.മാരായ എം.പി. മുഹമ്മദ് റാഫി, സാദിഖലി, സി.പി.ഒ.മാരായ ജലീല്‍, ലിജു, റഫീഖ്, അനന്തകൃഷ്ണന്‍, ഗോപകുമാര്‍, ബിനു, രാജേഷ് എന്നിവരും ശെല്‍വത്തെ പിടികൂടിയ സംഘത്തിലുണ്ടായി.

ബാഗില്‍ രണ്ടുകിലോ വീതമുള്ള അഞ്ച് പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ബാഗുമായി നടന്നുപോകുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.

കഞ്ചാവുമായി പ്രത്യേക അന്വേഷണസംഘം നേരത്തെ പിടികൂടിയ സായ് നൈനേഷ്, കരണ്‍ എന്നിവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത് ശെല്‍വമാണെന്ന് നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇയാളെക്കുറിച്ച് സൂചന ലഭിച്ച പോലീസ് സംഘം ഗോവയില്‍ നതാലി വിനുവിനെ തിരഞ്ഞെത്തിയപ്പോള്‍ ശെല്‍വം കേരളത്തിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാള്‍ കേരളത്തിലുണ്ടെന്ന് മനസ്സിലാക്കി. പിന്നീട് തൃപ്രയാറിലേക്ക് ഇയാള്‍ എത്തിയെന്നറിഞ്ഞ സംഘം ശെല്‍വത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

നൈനേഷിന് 100 കിലോ കഞ്ചാവ് വിറ്റിട്ടുണ്ടെന്ന് ശെല്‍വം പോലീസിനോട് പറഞ്ഞു.കരണ്‍ 60കിലോ കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്നും ശെല്‍വം പറഞ്ഞു.

ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് നല്‍കുകയും അവിടെനിന്ന് എല്‍.എസ്.ഡി.യും ഹഷീഷും എം.ഡി.എം.എ.യും വാങ്ങുകയുമാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു. ശെല്‍വം ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്.

 

 




MathrubhumiMatrimonial