
അഞ്ചുപേര്‍ക്ക് ജീവിതം നല്‍കി രാജേശ്വരി യാത്രയായി
Posted on: 07 Mar 2015

രാജേശ്വരിയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ മകനും സഹോദരങ്ങളായ ജയപ്രകാശും ഉണ്ണിക്കൃഷ്ണനും സന്നദ്ധത അറിയിക്കുകയായിരുന്നു. തൈക്കാട്ടുശ്ശേരി ഉളവയ്പ് തൊഴാനയില്‍ നാരായണന്‍ നായരുടെയും സരസ്വതിയമ്മയും മകളാണ് രാജേശ്വരി. ഇവരും അവയവദാനത്തിന് സമ്മതിച്ചു.
'കുറച്ചുപേരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവദാനം ഉപകരിക്കുമെങ്കില്‍ അതാണ് അമ്മയ്ക്കുവേണ്ടി ഞങ്ങള്‍ക്കു ചെയ്യാന്‍പറ്റുന്ന പുണ്യം. അവരിലൂടെ അമ്മ ഇനിയും ജീവിക്കുമല്ലോ.' രാജേശ്വരിയുടെ മകന്‍ അജയ്യുടെ വാക്കുകള്‍ കേട്ടുനിന്നവരുടെയും കണ്ണുനിറയിച്ചു.
രാജേശ്വരിയുടെ കരള്‍ ലഭിച്ചത് അമൃത ആസ്പത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ്. ഒരു വൃക്ക ലേക് ഷോര്‍ ആസ്പത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിക്കും മാറ്റിവച്ചു. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ലൂവര്‍ ആസ്പത്രിയിലെ നേത്രബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാജേശ്വരിയുടെ ഭര്‍ത്താവ് ജയകുമാര്‍ 15 വര്‍ഷം മുന്‍പാണ് മരിച്ചത്. നേവിയില്‍ സേവനമനുഷ്ഠിച്ചിരുന്ന മൂത്തമകന്‍ സുമേഷ് രണ്ടുവര്‍ഷം മുന്‍പ് ഗോവയില്‍ ഉണ്ടായ അപകടത്തിലും മരിച്ചു. ഇപ്പോള്‍ ഇളയ മകന്‍ അജയ്യിനെ തനിച്ചാക്കിയാണ് രാജേശ്വരി യാത്രയാവുന്നത്. പാമ്പാടി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അജയ്.
ലേക്ഷോര്‍ ആസ്പത്രിയിലെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലൂന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, യൂറോളജിസ്റ്റ് ഡോ. വിനോദ് പി. എബ്രഹാം, അനസ്തറ്റിസ്റ്റ് ഡോ. മത്തായി സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശവസംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തല പൂച്ചാക്കല്‍ ഉളവയ്പ് തൊഴാനയില്‍ വീട്ടുവളപ്പില്‍.
