goodnews head

നന്മയുടെ പുതുപാഠങ്ങള്‍!

Posted on: 06 Mar 2015


പുതുതലമുറയില്‍ നല്ല മനോഭാവങ്ങളും ശീലങ്ങളും വളര്‍ത്തുക; അങ്ങനെ നന്മയിലധിഷ്ഠിതമായ ഒരു സമൂഹം സൃഷ്ടിക്കുക- മാതൃഭൂമി വിദ്യയും വി.കെ.സി.യും ചേര്‍ന്ന് കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിയ നന്മ പദ്ധതി അതാണ് ലക്ഷ്യമിടുന്നത്. ഇത്തവണ നന്മ മത്സരത്തില്‍ 6754 സ്‌കൂളുകള്‍ പങ്കെടുത്തു. മൊത്തം 17 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാലയങ്ങളുടെ നന്മ പ്രവര്‍ത്തനങ്ങളിലൂടെ...




പുസ്തകങ്ങള്‍ക്കുള്ളില്‍ അടങ്ങിയൊതുങ്ങി ഇരിക്കുന്നതല്ല നന്മയുടെ ഈ പാഠങ്ങള്‍. അവര്‍ യൂണിഫോം അഴിച്ചുവച്ച്് മണ്ണില്‍ കിളച്ച് പൊന്നുവിളയിക്കുന്നു; അന്തിയുറങ്ങാനിടമില്ലാത്ത സഹപാഠിക്ക് സ്‌നേഹത്തിന്റേയും സുരക്ഷിതത്വത്തിന്റേയും മേല്‍ക്കൂര ഒരുക്കുന്നു; രോഗങ്ങളിലും സങ്കടങ്ങളിലും തളര്‍ന്നുവീഴുന്നവര്‍ക്ക് ഊന്നാവുന്നു... അതെ, നന്മയുടേതായ ഒരു സംസ്‌ക്കാരം ഇവിടെ വീണ്ടും തളിര്‍ക്കുകയാണ്! മാതൃഭൂമി വിദ്യയും പ്രമുഖ പാദരക്ഷാനിര്‍മാതാക്കളായ വി.കെ.സി.യും ചേര്‍ന്ന് കേരളത്തിലെ സ്‌കൂളുകള്‍ക്കായി നടത്തിയ നന്മ മത്സരത്തിന് പരിഗണിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രത്യാശ ഉണര്‍ത്തുന്നതാണ്.

സ്വാര്‍ത്ഥതയുടെ ഈ കാലത്തും ഇവര്‍ അന്യനുവേണ്ടി പ്രകാശം പരത്തുന്നു. പറക്കോട് പി.ജി. എം.ബോയ്‌സ് സ്‌കൂളിലെ കാര്‍ത്തിക്കിന് അന്തിയുറങ്ങാനൊരു വീടില്ലായിരുന്നു. കാര്‍ത്തിക്കിന്റെ കണ്ണുനീര്‍ സഹപാഠികളുടേയും കണ്ണുനീരായി. രമണി എന്നൊരു മുത്തശ്ശി നല്‍കിയ സ്ഥലത്ത് അവര്‍ തങ്ങളുടെ കൂട്ടുകാരന് വീടുപണിയാന്‍ തുടങ്ങി. തെക്കേക്കര പഞ്ചായത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ആകാശം മേല്‍ക്കൂരയാക്കി കഴിയുന്ന ലതാമ്മാള്‍ എന്ന സാധുസ്ത്രീക്കും നന്മ ക്ലബ്ബ് അംഗമായ എം.എച്ച്. ഗിരീഷും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വീട് നിര്‍മിച്ചുകൊടുത്തു. ഗിരീഷാണ് സ്ഥലം നല്‍കിയത്.

കരിവെള്ളൂര്‍ എ.വി. സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തണലൊരുക്കം എന്ന പേരില്‍ സഹപാഠികളായ രാഹുല്‍ രമേഷിനും അനുഷയ്ക്കും വീടു നിര്‍മിച്ചു നല്‍കിയതും തിളക്കമേറിയ സേവനം തന്നെ.

ചാവക്കാട് ഫോക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിരാലംബര്‍ക്ക് ആവിഷ്‌ക്കരിച്ച പെന്‍ഷന്‍ പദ്ധതി സാമൂഹ്യസുരക്ഷയുടെ സങ്കല്പം മുന്നോട്ടുവയ്ക്കുന്നു. കാരുണ്യ എന്ന ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഫോക്കസ് ടീം 2,60,000 രൂപ ഇതിനായി ശേഖരിച്ചു.

കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ മറ്റൊന്നാണ് ചെയ്തത്. നിരാലംബരായ അമ്മമാര്‍ക്ക് സ്‌നേഹം പകരാന്‍ 'ദയ'യില്‍ ചെന്നു. വെറുംകൈയോടെയല്ല, മാസങ്ങളായി സ്വരുക്കൂട്ടിയ തുകകൊണ്ട് അവിടുത്തെ മുത്തശ്ശിമാര്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും ഉടുപ്പുകളുമെല്ലാം വാങ്ങിക്കൊണ്ട്. പെറ്റമ്മയെപ്പോലും പെരുവഴിയില്‍ തള്ളുന്ന മക്കള്‍ക്ക് ഇതൊരു പാഠമാകട്ടെ!

ഭിന്നശേഷിയുള്ള 130 കുട്ടികള്‍ പഠിക്കുന്ന അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
ശനിയാഴ്ചകളില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് ആസ്പത്രിയില്‍ സൗജന്യഭക്ഷണവിതരണം നടത്തിയാണ് കാവുംവട്ടം സ്‌കൂള്‍ നന്മ ചൊരിയുന്നത്.

തികച്ചും വ്യത്യസ്തമായ ചില പ്രവര്‍ത്തനങ്ങളാണ് തേറ്റമല ജി.യു.പി.എസ്സിന്റേത്. ദൈനംദിനജീവിതത്തില്‍ ജലം ലാഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, കൃത്രിമനിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത മിഠായികള്‍, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കല്‍, അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ ബോധവത്ക്കരണം, കൃഷി പരിശീലിക്കല്‍... അങ്ങനെ പലതും.
















 

 




MathrubhumiMatrimonial