goodnews head

ചികിത്സയ്ക്ക് ഇനി ലാബ് സൗകര്യമുള്ള ഒഴുകുന്ന ആസ്‌പത്രി

Posted on: 06 Mar 2015


ജീവിതശൈലീരോഗചികിത്സയ്ക്കായി തയ്യാറാക്കിയ ഒഴുകുന്ന ആസ്‌പത്രി


ആലപ്പുഴ: കായലോരപ്രദേശങ്ങളിലുള്ളവരുടെ ജീവിതശൈലീരോഗ ചികിത്സയ്ക്കായി ഒഴുകുന്ന ആതുരാലയം സജ്ജമായി. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഒഴുകുന്ന ആസ്പത്രിയിലുള്ളത്. ഓരോ ദിവസവും ഓരോ പ്രദേശം കേന്ദ്രീകരിച്ച് നങ്കൂരമിടുന്ന ബോട്ടില്‍ നഴ്‌സിന്റെയും ലാബ്‌ടെക്‌നീഷന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ജീവിതശൈലീരോഗം നിയന്ത്രിക്കുന്നതിനായുള്ള 'കെയര്‍ ഓണ്‍ വേവ്‌സ്' എന്ന പദ്ധതിയിലാണ് ഒഴുകുന്ന ആതുരാലയം. ബോട്ടിന്റെ റൂട്ടുകള്‍ ഉടന്‍ നിശ്ചയിക്കും. സെമി ഓട്ടോ അനലൈസര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം ബോട്ടില്‍ സജ്ജമാക്കിക്കഴിഞ്ഞു. ആരോഗ്യമന്ത്രിയുടെ അനുമതി കിട്ടിയാലുടന്‍ ഉദ്ഘാടനത്തീയതി പ്രഖ്യാപിക്കും. ഈ മാസംതന്നെ ഉദ്ഘാടനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ കെയര്‍ ഓണ്‍ വേവ്‌സ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് ഇത് കായലോരമേഖലയിലുള്ള മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പരിപാടി.
കെയര്‍ ഓണ്‍ വീല്‍സ് എന്ന പേരില്‍ കരയിലൂടെ സഞ്ചരിക്കുന്ന പ്രമേഹചികിത്സാകേന്ദ്രങ്ങളും സര്‍ക്കാര്‍ തുടങ്ങുന്നുണ്ട്. ഇതില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തിയിട്ടില്ല. മലപ്പുറം, ഇടുക്കി, വയനാട് എന്നിവയാണ് കെയര്‍ ഓണ്‍ വീല്‍സിലുള്ളത്. രണ്ടാംഘട്ടത്തില്‍ ഈ പദ്ധതിയും കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

കെയര്‍ ഓണ്‍ വേവ്‌സ് പദ്ധതി നടപ്പാക്കുന്നതിനായി ആലപ്പുഴയില്‍ ബോട്ട് വാടകയ്‌ക്കെടുത്താണ് ആരോഗ്യവകുപ്പ് ഓടിക്കുന്നത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ (എന്‍.എച്ച്.എം.) പദ്ധതിയില്‍പ്പെടുത്തി നേരത്തെ ആരംഭിച്ച സഞ്ചരിക്കുന്ന ആതുരാലയങ്ങള്ക്ക് പുറമെയാണ് ജീവിതശൈലീരോഗചികിത്സയ്ക്ക് മാത്രമായി ഒഴുകുന്ന ആസ്പത്രി സജ്ജമാക്കിയിട്ടുള്ളത്.

 

 




MathrubhumiMatrimonial