
കവിത പിള്ള ഇടനില റാക്കറ്റ് കേസ്; നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Posted on: 06 Mar 2015
കൊച്ചി: കവിത പിള്ള ഉള്‍പ്പെട്ട ഇടനില റാക്കറ്റ് കേസില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ ആരോപണമുയര്‍ന്ന ഏഴ് പേരില്‍ നാല് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പോലീസുകാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കൊച്ചി ഡി.സി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
കളമശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസ്, എ.എസ്.ഐ. രാജന്‍, പോലീസുകാരായ ഷിന്റോ, എളമക്കര സ്റ്റേഷനിലെ സനല്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കമ്മീഷണറുടെ സ്‌ക്വാഡിലെ മൂന്ന് പോലീസുകാര്‍ക്ക് എതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. കവിത പിള്ള ഉള്‍പ്പെട്ട റാക്കറ്റ് പണം വാങ്ങി പല കേസുകളും ഒതുക്കി തീര്‍ക്കുന്നതായി മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിജിലന്‍സ് കൊച്ചി യൂണിറ്റ് എസ്.പി. വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. 11 യുവാക്കള്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍ ഇടനിലക്കാരിയായി കവിത പിള്ള ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ പുറത്തുവന്നതും റിപ്പോര്‍ട്ടിലുണ്ട്.
സസ്‌പെന്‍ഷന്‍ ലഭിച്ച ഗ്രേഡ് എസ്.ഐ. പൗലോസ് അടക്കമുള്ളവരുടെ പങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ആരോപണ വിധേയരായ പോലീസുകാര്‍ നല്‍കിയ മൊഴിയില്‍ ഇടനില റാക്കറ്റിലുള്ള പങ്ക് നിഷേധിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നതായി പറയുന്നു. തുടര്‍ന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണത്തിന് അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
