Crime News

ഇല്ല പഞ്ചിംഗും, എയ്ഡ് പോസ്റ്റില്‍ പോലീസും

Posted on: 06 Mar 2015




ആലുവ:
ഇവിടെ കാര്യങ്ങള്‍ തോന്നും പോലെയാണ്. ബസ്സുകള്‍ക്ക് ബസ്സുകളുടെ രീതി. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ രീതി. ഇതിനിടയില്‍ കുരുങ്ങുകയാണ് ആലുവ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍. സിറ്റി സര്‍വീസ് ധാരാളമായെത്തുന്ന ഈ വമ്പന്‍ സ്റ്റാന്‍ഡില്‍ കാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നത്. ഇവിടെ അരക്ഷിതമായ അവസ്ഥയ്ക്ക് ഒരു രക്തസാക്ഷിയും ഉണ്ടായിക്കഴിഞ്ഞു. ശിവരാത്രി ബലിതര്‍പ്പണം കഴിഞ്ഞ് വീട്ടില്‍ പോകാനായി എത്തിയ പട്ടിമറ്റം സ്വദേശിയായ അമ്മിണിയാണ് ദാരുണമായി സ്റ്റാന്‍ഡില്‍ വെച്ച് ബസ്സിടിച്ച് മരിച്ചത്. അമ്മിണിയുടെ മരണ ശേഷം പതിനഞ്ച് നാള്‍ കഴിഞ്ഞിട്ടും സ്റ്റാന്‍ഡിലെ ദുരവസ്ഥ മാറ്റുന്നതിനായി ആരും ഒന്നും ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം 'മാതൃഭൂമി' നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസ്സിലായി.

ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാരെ ഇടിച്ച് വീഴ്ത്തുന്ന വിധം മുന്നിലേയ്ക്ക് കയറിയാണ് ചില ബസ്സുകളുടെ പാര്‍ക്കിംഗ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. വയസ്സായ യാത്രക്കാര്‍ ബസ്സില്‍ ആദ്യം കയറുന്നതിന് മുന്നോട്ട് കയറി നില്‍ക്കുമ്പോള്‍, പാര്‍ക്കിംഗിനായി എത്തുന്ന ബസ്സിന്റെ മുന്‍ഭാഗം ഇവരെ ഇടിച്ച് ഇടാനുള്ള സാഹചര്യമാണ് ഉള്ളത്. യാത്രക്കാര്‍ ബസ്സിന്റെ വരവ് കണ്ട് ഓടി മാറേണ്ട സ്ഥിതിയിലാണ്. നേരത്തെ സ്റ്റാന്‍ഡ് രൂപകല്‍പ്പന പ്രകാരം ചരിച്ച് നിര്‍മ്മിച്ച ഈ ഭാഗം, പിന്നീട് പൊളിച്ചു പണിതപ്പോഴാണ് അപാകമുണ്ടായത്. ബസ്സുകള്‍ യാത്രക്കാരുടെ നേരെ തന്നെ പാര്‍ക്ക് ചെയ്യാന്‍ കഴിയും വിധമാണ് ഇപ്പോഴത്തെ രീതി. നിയന്ത്രണം തെറ്റി ബസ്സുകള്‍ പാഞ്ഞടുത്താല്‍ ഒന്ന് ഒഴിഞ്ഞ് മാറാന്‍ പോലുമുള്ള സമയം യാത്രക്കാര്‍ക്ക് കിട്ടിയെന്നു വരില്ല. ബസ്സുകള്‍ സ്റ്റാന്‍ഡ് കെട്ടിടത്തിനുള്ളിലേയ്ക്ക് കടക്കാതിരിക്കാന്‍ ഇവിടെ ഒരു കോണ്‍ക്രീറ്റ് പ്രതിബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് കൊണ്ട് പ്രയോജനമൊന്നുമില്ല. ഇവയെല്ലാം മറികടന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാന്‍ഡിനകത്തെ കടയില്‍ ചായകുടിച്ച് കൊണ്ടിരുന്ന അമ്മിണിയെ ബസ് ഇടിച്ചത്.

ബസ് സ്റ്റാന്‍ഡിനെ വെളിച്ചത്തില്‍ മുക്കാനായി കൊണ്ടുവന്ന ഹൈമാസ്റ്റ് ലാമ്പുകളുടെ ടവര്‍ സ്റ്റാന്‍ഡിന്റെ കവാടത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നായി. ഹൈമാസ്റ്റ് ഘടിപ്പിക്കാനെന്ന പേരില്‍ നിലവില്‍ തെളിഞ്ഞ് കിടന്ന സോഡിയം വേപ്പര്‍ ലാമ്പ് മാസങ്ങള്‍ക്ക് മുന്‍പ് ഊരിമാറ്റുകയും ചെയ്തു. ഇതോടെ രാത്രിയായാല്‍ ബസ്സുകള്‍ കയറി ഇറങ്ങുന്ന വെളിച്ചമാണ് സ്റ്റാന്‍ഡിലേയ്്ക്ക് എത്തുന്ന യാത്രക്കാര്‍ക്ക് വഴികാട്ടുന്നത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ നിന്ന് ചെറിയ തോതില്‍ വിരലിലെണ്ണാവുന്ന സിഎഫ്എല്‍ ലാമ്പുകള്‍ സ്റ്റാന്‍ഡിലേയ്ക്ക് ഇട്ടിട്ടുണ്ടെങ്കിലും, ഇവിടെയെത്തുന്ന യാത്രക്കാരുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇതൊന്നും മതിയാകുന്നില്ല. സ്റ്റാന്‍ഡിന്റെ കിഴക്ക് ഭാഗത്ത് പഴയ കക്കൂസുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് രാത്രിയായില്‍ മദ്യപാനികളുടെ ശല്യവും രൂക്ഷമാണ്.

സ്വകാര്യ ബസ് സ്റ്റാന്‍ഡ് വഴി കെഎസ്ആര്‍ടിസി ബസ്സുകള്‍ വഴി തിരിച്ച് വിട്ടിട്ട് മാസങ്ങളായിട്ടും അന്വേഷണ കൗണ്ടര്‍ തുറന്നിട്ടില്ല. എറണാകുളത്ത് നിന്ന് ആലുവ വഴി മൂന്നാര്‍, കട്ടപ്പന, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകളും ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും പറവൂര്‍, അങ്കമാലി, എളവൂര്‍, പാറക്കടവ് ഭാഗങ്ങളിലേക്കുള്ള ബസ്സുകളുമാണ് ആലുവ സ്വകാര്യ സ്റ്റാന്‍ഡി കയറി പോകാനായി തീരുമാനിച്ചിരുന്നത്. കെഎസ്ആര്‍ടിസിക്കായി പ്രത്യേക കൗണ്ടര്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഇവിടേക്ക് വൈദ്യുതി ലഭിക്കാത്തതാണ് കൗണ്ടര്‍ തുറക്കാതിരിക്കാന്‍ പ്രധാന കാരണം. ഉച്ചഭാഷിണി, മേശ, കസേര, അലമാര എന്നിവ കൂടി ഈ മുറിയിലെത്താനുണ്ട്. ഏറെ സമ്മര്‍ദ്ദത്തിനു ശേഷം ഇതിന് പകരമായി പുറത്ത് മേശയും കസേരയുമായി ഒരു സ്റ്റാഫിനെ കെഎസ്ആര്‍ടിസി നിയോഗിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കായി കസേരകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല.

സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എന്തും തോന്നും പോലെ നടക്കും. യാത്രക്കാരുടെ സുരക്ഷയ്‌ക്കോ, ബസ്സുകളുടെ മത്സരയോട്ടത്തിനോ ഇവിടെ നിയന്ത്രണമില്ല. പോലീസ് എയ്ഡ് പോസറ്റും, പഞ്ചിംഗ് ക്യാബിനും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ സ്റ്റാന്‍ഡിന്റെ ഇരുഭാഗത്തേയും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. മെട്രോ റെയില്‍ ജോലി നടക്കുന്നതിനാല്‍ ആലുവ പാലസ് റോഡിലേയ്ക്ക് വാഹനങ്ങള്‍ കടക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ചില സ്വകാര്യ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും ബസ് സ്റ്റാന്‍ഡിനകത്തു കൂടെ കടന്നു പോകുന്നുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തി അമിത വേഗത്തിലാണ് ഇത്തരം വാഹനങ്ങളുടെ ഇതുവഴിയുള്ള സഞ്ചാരം. ബസ് സ്റ്റാന്‍ഡില്‍ മറ്റ് വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും, നടപടി പേരിന് മാത്രമായി. സ്റ്റാന്‍ഡിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് ബസ്സുകളുടെ സുഗമ സഞ്ചാരത്തിനും തടസ്സമായിട്ടുണ്ട്.
(

80


 

 




MathrubhumiMatrimonial