
പത്താം ക്ലാസ്സുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
Posted on: 06 Mar 2015
തിങ്കളാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനിരിക്കെ ദുരന്തം
കൊച്ചി: കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ്സുകാരന്‍ മുങ്ങിമരിച്ചു. ചങ്ങമ്പുഴ റോഡില്‍ ചുറ്റുപാടുകര അഞ്ജനപ്പിള്ളി പറമ്പില്‍ മോഹനന്റെ മകന്‍ അജിത് (15) ആണ് മരിച്ചത്. പോണേക്കാവ് ഭഗവതി ക്ഷേത്രക്കുളത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിങ്കളാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനിരിക്കെയാണ് ദുരന്തം.
ഇടപ്പള്ളി ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അജിത് കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ നിന്ന് പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വാങ്ങി മടങ്ങുകയായിരുന്നു. വീട്ടില്‍ ബാഗ് െവച്ച ശേഷം കുളിക്കുന്നതിനായി സുഹൃത്തുക്കളായ ഏഴു പേരോടൊപ്പം ക്ഷേത്രക്കുളത്തിനടുത്തെത്തി. പടവുകളില്ലാത്ത കുളത്തിലേക്ക് കരയില്‍ നിന്നുകൊണ്ട് കുട്ടികള്‍ എടുത്തുചാടുകയായിരുന്നു. കുളത്തിന്റെ മദ്ധ്യഭാഗത്തേക്ക് അജിത് നീങ്ങിയതുമൂലം ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഇത് കണ്ട് ഭയന്ന കൂട്ടുകാര്‍ കരയ്ക്കുകയറി ഓടുന്നതിനിടയില്‍ ഓട്ടോക്കാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഓട്ടോക്കാരായ രാജേഷും ടെന്‍സിംഗും കുളത്തിലേക്ക് എടുത്തുചാടി തിരച്ചില്‍ നടത്തി.
സംഭവമറിഞ്ഞ് എളമക്കര പോലീസും ഗാന്ധിനഗര്‍ അഗ്നിശമന സേനയും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം തിരച്ചില്‍ തുടര്‍ന്നു. മൂന്ന് മണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുക്കാനായത്. മൂന്നാള്‍ താഴ്ചയുള്ള കുളത്തില്‍ ചെളിയില്‍ പകുതിയോളം പുതഞ്ഞ നിലയിലായിരുന്നു കുട്ടി കിടന്നിരുന്നതെന്ന് തിരച്ചില്‍ നടത്തിയവര്‍ പറഞ്ഞു.
ആഴമുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് ക്ഷേത്രക്കുളത്തിന് സമീപം നാളുകള്‍ക്ക് മുമ്പ് വെച്ചിരുന്നെങ്കിലും ആരോ എടുത്തുമാറ്റിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അമ്പലക്കുളത്തില്‍ പടവുകള്‍ നിര്‍മിച്ച് ഉടന്‍ ഗേറ്റ് സ്ഥാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പത്മിനിയാണ് അജിത്തിന്റെ അമ്മ. സഹോദരന്‍ അജയ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
9
അജിത്
