
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന രണ്ടുപേര്‍ പിടിയില്‍
Posted on: 06 Mar 2015
കരുമാല്ലൂര്‍: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. ആലങ്ങാട് പാനായിക്കുളം ആനോട്ടിപ്പറമ്പില്‍ മുനാസ് (20), പാതാളം പഞ്ചായത്ത് കോളനിയില്‍ താമസിക്കുന്ന ആലുവ തോട്ടുമുഖം ചിറമുറിക്കല്‍ വീട്ടില്‍ നാസര്‍ (45) എന്നിവരെയാണ് വരാപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പാനായിക്കുളം, ആലങ്ങാട്, വരാപ്പുഴ ഭാഗങ്ങളിലെ സ്‌കൂള്‍ പരിസരങ്ങളില്‍ കറങ്ങിനടന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി കഞ്ചാവ് വില്പന നടത്തുകയാണ് ഇവരുടെ പതിവ്. കൂടാതെ, പ്രദേശത്തെ കോളനികളിലും ഇവര്‍ക്ക് കച്ചവടമുണ്ട്. കോളനികളിലെ കുട്ടികളെ ഉപയോഗപ്പെടുത്തിയാണ് മറ്റു വിദ്യാര്‍ത്ഥികളെ വലയിലാക്കുന്നത്.
ഇങ്ങനെയൊരു സംഘം പ്രദേശത്ത് കറങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പാനായിക്കുളത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് മൂന്ന് പൊതികളിലായി 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസര്‍ ടി.എം. വിനോദ്, എസ്.എ. സനല്‍കുമാര്‍, പി.ജെ. ഡേവിസ്, കെ.ആര്‍. രതീഷ്, ജോസ് റൈബി, പി.പി. സിവിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
