Crime News

ഹെല്‍മെറ്റില്ലാത്തവരെ ഇനി പോലീസ് പിന്തുടരില്ല; പകരം കേസെടുക്കും

Posted on: 06 Mar 2015


കൊല്ലം: കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന ഹെല്‍മെറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാരെ ഇനി പോലീസ് പിന്തുടരില്ല. വണ്ടിയുടെ താക്കോല്‍ ബലം പ്രയോഗിച്ച് ഊരിയെടുക്കുകയുമില്ല. എന്നാല്‍ ഹെല്‍മെറ്റില്ലാതെ പോലീസിനുമുന്നിലൂടെ ചീറിപ്പായാമെന്ന് ആരും കരുതേണ്ട. നമ്പര്‍ രേഖപ്പെടുത്തി കേസെടുക്കുകയാവും പോലീസ് ചെയ്യുന്നത്. വണ്ടി നിര്‍ത്തി വരുന്നവരെ പോലീസ് ഉപദേശവും നല്‍കി നൂറുരൂപ പിഴയുമീടാക്കി വിട്ടയയ്ക്കും. എന്നാല്‍ വിട്ടുപോകുന്നവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് കോടതിയില്‍ നല്‍കാനാണ് പോലീസിന്റെ തീരുമാനം. കൂടുതല്‍ കനത്ത പിഴ കോടതിയില്‍ കുറ്റക്കാര്‍ ഒടുക്കേണ്ടി വരും.

വാഹന പരിശോധനയെച്ചൊല്ലി പോലീസിനെതിരായ പരാതികള്‍ ഒഴിവാക്കാനും നിയമം കൂടുതല്‍ ശക്തമായി നടപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ് കുമാര്‍ പറഞ്ഞു. സിറ്റി പോലീസ് പരിധിയില്‍ ഇതുവരെ 3200 വാഹനയാത്രക്കാര്‍ പ്രത്യേക പരിശോധനയില്‍ പിടിയിലായിട്ടുണ്ട്. ഇതില്‍ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയവര്‍ 125ഓളം വരും.
മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരായ നടപടി തുടരുമെന്നും പോലീസ് പറഞ്ഞു. ഓട്ടോറിക്ഷക്കാരുടെ ആവശ്യം പരിഗണിച്ച് സിറ്റി പെര്‍മിറ്റ് നല്‍കുന്നത് പരിഗണിക്കുന്നുണ്ട്. ഇതേപ്പറ്റി ആര്‍.ടി.ഒ.യുമായി ചര്‍ച്ച നടത്തിവരികയാണ്. പെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് സിറ്റിയിലെ എല്ലാ സ്റ്റാന്‍ഡില്‍നിന്ന് ഓടാന്‍ കഴിയും. സിറ്റി ഓട്ടോകള്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കുമെന്നും പോലീസ് പറഞ്ഞു.
കമ്മീഷണറുടെ മുന്നില്‍പ്പെട്ടത് മദ്യപിച്ച് വാഹനമോടിച്ച യുവാവ്

കൊല്ലം:
ഗതാഗത കുറ്റങ്ങള്‍ തടയാനുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി കൊല്ലം എസ്.എന്‍.കോളേജിനു മുന്നില്‍ സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ പരിശോധനയ്‌ക്കെത്തി. വാഹന പരിശോധന നടത്തിയ സിറ്റി പോലീസ് കമ്മീഷണറുടെ മുന്നില്‍പ്പെട്ടത് മദ്യപിച്ചുവന്ന യുവാവ്. ഹെല്‍മെറ്റില്ലാതെ വന്നതിനാണ് കമ്മീഷണര്‍ കൈ കാണിച്ചത്. ബൈക്ക് നിര്‍ത്തി ഇറങ്ങിയ യുവാവ് മദ്യപിച്ചിരുന്നതായി ഒറ്റനോട്ടത്തില്‍ ബോധ്യപ്പെട്ടതോടെ വൈദ്യപരിശോധനയ്ക്കും അനന്തര നടപടികള്‍ക്കും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

 

 




MathrubhumiMatrimonial