Crime News

ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ ജയിലില്‍നിന്നിറക്കി തല്ലിക്കൊന്നു

Posted on: 06 Mar 2015


ദിമാപുര്‍: നാഗാലന്‍ഡില്‍ യുവതിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ ജയിലില്‍നിന്ന് പിടിച്ചിറക്കി നഗ്നനാക്കി നടത്തിയശേഷം തല്ലിക്കൊന്നു. പത്ത് വാഹനങ്ങള്‍ക്ക് തീവെച്ചു. ഇതേത്തുടര്‍ന്ന് ദിമാപുര്‍ ജില്ലയില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ സയിദ് ഫരീദ് ഖാന്‍ ഫിബ്രവരി 23-നാണ് ഇരുപതുവയസ്സുള്ള നാഗാ യുവതിയെ ബലാത്സംഗം ചെയ്തത്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന ഇയാള്‍ 24 സ്ഥലങ്ങളില്‍ യുവതിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 25-ന് പോലീസ് ഇയാളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വ്യാഴാഴ്ച ദിമാപുര്‍ ജയിലില്‍ അതിക്രമിച്ചുകടന്ന നാലായിരത്തോളം വരുന്ന ജനം രണ്ട് കവാടങ്ങള്‍ തകര്‍ത്ത് ഇയാളെ പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി മെരെന്‍ ജമീര്‍ പറഞ്ഞു. പോലീസിന് എന്തെങ്കിലും ചെയ്യാനാകുംമുമ്പ് ഇയാളെ നഗരഹൃദയത്തിലെത്തിച്ച് നഗ്നനാക്കി തല്ലിക്കൊന്നെന്ന് അദ്ദേഹം പറഞ്ഞു. ആകാശത്തേക്ക് വെടിവെച്ച് ജനത്തെ പിരിച്ചുവിട്ടാണ് മൃതദേഹം വീണ്ടെടുത്തത്.

 

 




MathrubhumiMatrimonial