Crime News

മകള്‍ തൂങ്ങിമരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

Posted on: 06 Mar 2015


തിരുവില്വാമല: ആത്മഹത്യചെയ്യുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. രക്ഷാശ്രമം പരാജയപ്പെട്ടതോടെ മകളും മരിച്ചു. കുത്താമ്പുള്ളി മുനിയപ്പന്‍ കോവിലിന് സമീപം അണ്ണാദുരെ (60)യും മകള്‍ പവിത്ര (25)യുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

നെയ്ത്തുതൊഴിലാളിയായ അണ്ണാദുരെ തൊട്ടടുത്ത നെയ്ത്തുശാലയില്‍നിന്ന് വീട്ടിലേയ്ക്ക് വന്നപ്പോഴാണ് മകള്‍ സാരിയില്‍ത്തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതു കണ്ടത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സാരി മുറിച്ച് നിലത്തുകിടത്തി അയല്‍പ്പക്കക്കാരെയും സഹപ്രവര്‍ത്തകരെയും വിളിച്ച് വീട്ടിലേയ്ക്ക് പോരുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ രണ്ടുപേരെയും തിരുവില്വാമല സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശിയായ അണ്ണാദുരെ കുടുംബവുമായി കുത്താമ്പുള്ളിയില്‍ വാടകയ്ക്കാണ് താമസം. പൊള്ളാച്ചി സ്വദേശി സുരേഷാണ് പവിത്രയുടെ ഭര്‍ത്താവ്. ഒന്നര വയസ്സുള്ള മകളുണ്ട്. ദേവീപൂജയ്ക്കായിട്ടാണ് പൊള്ളാച്ചിയില്‍നിന്ന് ഏതാനും ദിവസംമുമ്പ് കുത്താമ്പുള്ളിയില്‍ വന്നത്. പവിത്രയുടെ വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം ആയിട്ടില്ലാത്തതിനാല്‍ ആര്‍.ഡി.ഒ. ഇന്‍ക്വസ്റ്റ് നടത്തേണ്ടതുണ്ടെങ്കിലും ചുമതലപ്പെടുത്തിയതനുസരിച്ച് തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ കെ.എം. ടോമിച്ചന്‍, പഴയന്നൂര്‍ എസ്‌ഐ കെ.എം. പങ്കജാക്ഷന്‍ എന്നിവര്‍ മേല്‍നടപടി സ്വീകരിച്ചു. ജ്യോതിയാണ് അണ്ണാദുരെയുടെ ഭാര്യ. മകള്‍: ഭാരതി.

 

 




MathrubhumiMatrimonial