
നിഷാമിനെ രക്ഷിക്കാന്‍ ഡി.ജി.പി. ഇടപെട്ടതിന് തെളിവുണ്ടെന്ന് പി.സി.ജോര്‍ജ്
Posted on: 06 Mar 2015

മുഹമ്മദ് നിഷാമിനെതിരെ നടപടി സ്വീകരിക്കാന്‍ നീക്കം നടത്തിയത് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബ് മാത്രമായിരുന്നുവെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഡി.ജി.പി.യുടെ തെറ്റായ ഇടപെടലാണ് ജേക്കബ് ജോബ് ബലിയാടായതിന് പിന്നില്‍. ഡി.ജി.പി.യുടെ സമ്മര്‍ദ്ദത്താലാണ് തൃശ്ശൂരില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്. പ്രതിയെ രക്ഷിച്ചെടുക്കണമെന്ന നിര്‍ദേശത്തിന് വിധേയനാകാതിരുന്നതിനാലാണ് ജേക്കബിനെതിരെയുള്ള നടപടിയുണ്ടായത്. ഇതിനിടെ, നിഷാമിന്റെ ഭാര്യയെ പ്രതിയാക്കാതിരിക്കാനുള്ള ശ്രമവും അരങ്ങേറി. ഇപ്പോള്‍ കേസ് അന്വേഷിക്കുന്നവരില്‍ ഭൂരിഭാഗവും മുഹമ്മദ് നിഷാമിന്റെ പിണിയാളുകളാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
ഭരണപ്രതിപക്ഷഭേദമില്ലാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും നിഷാമിന് ബന്ധമുള്ളവരുണ്ട്. സസ്‌പെന്‍ഷനിലായ ജേക്കബ് ജോബിനെ സഹായിക്കാന്‍ കേരള കോണ്‍ഗ്രസ് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
ശബ്ദരേഖ കേട്ടാല്‍ കണ്ണുതള്ളും
തന്റെ കൈവശമുള്ള ശബ്ദരേഖയടങ്ങിയ സി.ഡി. കേട്ടാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരുടെ കണ്ണുതള്ളുമെന്ന് പി.സി.ജോര്‍ജ്. ഡി.ജി.പി.ക്കെതിരെ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ തെളിവുകള്‍ കൈമാറുന്നതോടെ ആഭ്യന്തരമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യമാകും. തെളിവ് കിട്ടാത്തിടത്തോളം ഡി.ജി.പി.യെ സംരക്ഷിക്കുകയെന്നത് മന്ത്രിയുടെ കടമയാണ്. ഡി.ജി.പി.യുടെ കുറിപ്പ് കിട്ടിയ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
