Crime News

തിരൂരില്‍ സ്വര്‍ണക്കട കൊള്ളയടിച്ചു

Posted on: 06 Mar 2015


തിരൂര്‍: നഗരത്തില്‍ താഴെപ്പാലത്ത് വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിന് സമീപമുള്ള തെയ്യമ്പാട്ടില്‍ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍, അഞ്ചു കിലോ 200 ഗ്രാം വെള്ളി ആഭരണങ്ങള്‍, സി.സി.ടി.വി കാമറയുടെ കണ്‍ട്രോള്‍സിസ്റ്റം എന്നിവയടക്കം ഒമ്പതുലക്ഷത്തിഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ കട്ടപ്പാര, മാന്വല്‍ ഡ്രില്ലര്‍ എന്നിവ ഉപയോഗിച്ചാണ് തുരന്നത്. സംഭവസ്ഥലത്തുനിന്ന് ഡ്രില്ലര്‍, ഹാമര്‍, മോഷ്ടാക്കളുടെ ചെരിപ്പ് എന്നിവ കണ്ടെടുത്തു. പ്രൊഫഷണല്‍ കള്ളന്‍മാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

മോഷ്ടാക്കളുടെ ചിത്രം സി.സി.ടി.വിയില്‍ പതിയാതിരിക്കാനാണ് കാമറയുടെ കണ്‍ട്രോള്‍സിസ്റ്റം മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോയത്.
സംഭവസ്ഥലത്ത് റിങ്കോ എന്ന പോലീസ്‌നായയും വിരലടയാളവിദഗ്ധന്‍ അനൂപ് ജോണ്‍, ടെസ്റ്റ് ഇന്‍സ്‌പെക്ടര്‍ കെ. മധു, പോലീസ് ഫോട്ടോഗ്രാഫര്‍ വിനോദ് എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു.

തിരൂര്‍ ഡിവൈ.എസ്.പി അസ്സയിനാര്‍, സി.ഐ മുഹമ്മദ് ഹനീഫ, എസ്.ഐമാരായ സി.എന്‍. സുകുമാരന്‍, കെ. വത്സലകുമാര്‍, എ.എസ്.ഐ കെ. സുധീര്‍കുമാര്‍, അന്വേഷണ സംഘാംഗങ്ങളായ പ്രമോദ്, രാജേഷ്, അബ്ദുല്‍ അസീസ് എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു.
ജ്വല്ലറിക്കുമുമ്പില്‍ കാവല്‍ക്കാരന്‍ ഉണ്ടായിരുന്നെങ്കിലും പിന്നില്‍ കാടുപിടിച്ച സ്ഥലമായതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ലെന്നുള്ളത് മോഷ്ടാക്കള്‍ക്ക് തുണയായി.

 

 




MathrubhumiMatrimonial