
മരണഭയം മനസ്സില്‍നിന്ന് മായാതെ ബൈജു
Posted on: 05 Mar 2015

ഞായറാഴ്ച സന്ധ്യയ്ക്ക് തിരുനെല്ലൂര്‍ സെന്ററില്‍ നിന്നിരുന്ന സമീപവാസിയും സുഹൃത്തുമായ പിള്ളാട്ടില്‍ ബൈജുവിനെയും കൂട്ടിയാണ് ഷിഹാബ് ചുക്കുബസാറിലെ ചായക്കടയിലേക്ക് ഭക്ഷണം കഴിക്കാനായി പോയത്. ഭക്ഷണം കഴിച്ച് പാഴ്‌സല്‍ വാങ്ങി വരുന്നതിനിടെ പുത്തനമ്പലം പെരിങ്ങാട്ട് പുഴ റോഡിനു സമീപം വെച്ചാണ് ഇരുണ്ടനിറത്തിലുള്ള അംബാസിഡര്‍ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ടത്.
അതിവേഗത്തില്‍ മാരകായുധങ്ങളുമായി ചാടിയിറങ്ങിയ കൊലയാളിസംഘം ബൈജുവിനോട് ജീവന്‍ വേണമെങ്കില്‍ നീ രക്ഷപ്പെട്ടോടാ എന്ന് ഭയപ്പെടുത്തുന്ന ശബ്ദത്തില്‍ പറഞ്ഞ് ആയുധവും ഓങ്ങി ഓടിയെത്തി. ഒരു നിമിഷം മരണം മുന്നില്‍കണ്ട ബൈജു ചാടിപ്പിടഞ്ഞ് ഓടി. ഓട്ടത്തിനിടെ വീഴുകയും ചെയ്തു.
ബൈക്കില്‍നിന്നും ഓട്ടത്തിനിടെയുമായി ബൈജു രണ്ടുതവണ റോഡില്‍ വീണു. കയ്യിന് പരിക്കേല്‍ക്കുകയും ചെയ്തു. വളരെ മെലിഞ്ഞ ഒരാളാണ് ആയുധവുമായി ഓടിയെത്തിയതെന്ന് ബൈജു ഓര്‍ക്കുന്നു. എങ്ങനെയൊക്കെയോ ഓടിയെത്തിയ ബൈജു സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ബൈക്കില്‍ കാര്‍ ഇടിച്ചതോടെ ഷിഹാബിന്റെ ദേഹത്താണ് ബൈക്ക് വീണത്.
കയ്യിന് പരിക്കേറ്റ ബൈജുവിനെ എലൈറ്റ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
