
അന്തസ്സംസ്ഥാന വാഹനമോഷ്ടാക്കള്‍ അറസ്റ്റില്‍
Posted on: 05 Mar 2015
41
തിരുവനന്തപുരം: കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി എല്‍.പി. സ്‌കൂളിന് എതിര്‍വശം മാമൂട്വിളാകം വീട്ടില്‍ മുഹമ്മദ് അസ്ലം, വട്ടിയൂര്‍ക്കാവ് മൂന്നാമ്മൂട് ഹരിത നഗര്‍ തെക്കേ മംഗാരത്ത് വീട്ടില്‍ ശരവണന്‍ എന്ന ശരത് എന്നിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്.
ശ്രീവരാഹത്ത് പൂട്ടിസൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിക്കുന്നതിന്റെ കാമറാദൃശ്യങ്ങളുടെ തുടരന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍നിന്ന് ഏഴ് ഇരുചക്രവാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാറനല്ലൂര്‍, വട്ടിയൂര്‍ക്കാവ്, വലിയതുറ, തമിഴ്‌നാട്ടിലെ വടശ്ശേരി തുടങ്ങിയിടങ്ങളില്‍നിന്ന് സംഘം നിരവധി ബൈക്കുകള്‍ മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പതിച്ച് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. ഇവര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളും നിരവധിത്തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണെന്ന് പോലീസ് അറിയിച്ചു.
ഫോര്‍ട്ട് സി.ഐ. എ.അജിചന്ദ്രന്‍ നായര്‍, എസ്.ഐ. പി.ഷാജിമോന്‍, പോലീസുകാരായ അഭിലാഷ്, ഷാഡോ പോലീസ് ടീം അംഗങ്ങളായ സാജുകുമാര്‍, ഗോപകുമാര്‍, രഞ്ജിത്ത്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.
