Crime News

ബാര്‍ കോഴ: രണ്ടുമാസത്തിനകം കുറ്റപത്രമെന്ന് വിജിലന്‍സ്‌

Posted on: 05 Mar 2015


തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാമെന്നും വിജിലന്‍സ് കോടതിയില്‍ ഉറപ്പുനല്‍കി. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ കേസ് പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ വി.വി.അഗസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശ് കേസ് അന്വേഷണത്തില്‍ കോടതി നിരീക്ഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞതവണ കോടതി നിരീക്ഷണം ആകാമെന്ന് അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ വിജിലന്‍സ് എതിര്‍ത്തു. 23 സാക്ഷികളെ നേരില്‍ക്കണ്ട് മൊഴിയെടുത്തു. 400ലേറെ ബാര്‍ ഉടമകളുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത് അംഗങ്ങളെകൂട്ടി വിപുലീകരിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ 60 ദിവസം മതിയെന്നും വിജിലന്‍സ് അറിയിച്ചു. ലീഗല്‍ അഡ്വൈസറുടെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി കേസ് വീണ്ടും െമയ് അഞ്ചിലേക്ക് മാറ്റി.

 

 




MathrubhumiMatrimonial