
കമ്മീഷണര്‍ കത്തയച്ചു; അന്വേഷണസംഘത്തിനു കിട്ടിയില്ല
Posted on: 05 Mar 2015
നിഷാമിനു കാപ്പ ചുമത്തല്‍
തൃശ്ശൂര്‍: നിഷാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ കത്തയച്ചിരുന്നതായി വ്യക്തമായി. എന്നാല്‍, അന്വേഷണസംഘത്തിനു ഇതു ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കമ്മീഷണര്‍ ആര്‍. നിശാന്തിനി പരിശോധന നടത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ജേക്കബ്ബ് ജോബ് സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോള്‍ പേരാമംഗലം സി.ഐ.ക്ക് നല്കിയ കത്താണിത്. കാപ്പ ചുമത്താന്‍ വേണ്ടവിവരങ്ങള്‍ നല്കുന്നതില്‍ താമസം വരുത്തിയെന്നായിരുന്നു ഇതിന്റെ ഉള്ളടക്കം. കമ്മീഷണര്‍ ഓഫീസിലെ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് കത്ത് അയച്ചിട്ടുണ്ടെന്നു വ്യക്തമായത്.
എന്നാല്‍, കത്തയച്ചെന്നു പറയുന്ന ദിവസം സി.ഐ. സ്ഥലത്തില്ല്‌ലായിരുന്നുവെന്ന് വ്യക്തമാണ്. ഫിബ്രവരി അഞ്ചു മുതല്‍ നിഷാമിനെയുംകൊണ്ട് ബെംഗളൂരുവില്‍ തെളിവെടുപ്പിനു പോയിരിക്കുകയായിരുന്നു ഇദ്ദേഹമുള്‍പ്പെടുന്ന സംഘം. പിന്നീട് തിരിച്ചെത്തിയത് ഫിബ്രവരി ഒമ്പതിനാണ്. കമ്മീഷണറുടെ കത്തനുസരിച്ച് ഫിബ്രവരി 10നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സി.ഐ. സ്ഥലത്തില്ലാതിരുന്ന സാഹചര്യത്തില്‍ കത്തു കൃത്യമായി ലഭിച്ചോ എന്നും പരിശോധിക്കേണ്ടിവരും.
