Crime News

അട്ടപ്പാടിയില്‍ ബെന്നിയുടെ മരണം: ദുരൂഹത നീങ്ങിയില്ല

Posted on: 05 Mar 2015


അഗളി: ചിണ്ടക്കി കുമ്പളമലഭാഗത്ത് അജ്ഞാതരുടെ വെടിയേറ്റ് ഫോട്ടോഗ്രാഫര്‍ ബെന്നി രക്തംവാര്‍ന്ന് മരിച്ചിട്ട് 18 നാളായിട്ടും ദുരൂഹത നീക്കാന്‍ അന്വേഷണസംഘത്തിനായില്ല. ഫിബ്രവരി 13നാണ് ഭവാനിപ്പുഴയില്‍ കൂട്ടുകാരനായ ഷെല്ലിക്കൊപ്പം മീന്‍പിടിക്കാന്‍പോയ ബെന്നി വെടിയേറ്റുമരിച്ചത്.വെടിയുണ്ടയുടെ അവശിഷ്ടം കണ്ടെടുക്കാനോ വെടിയേറ്റത് എവിടെവെച്ചെന്ന് തിരിച്ചറിയാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

മാവോവാദികളാണ് കൊലയ്ക്കുപിന്നിലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തൊട്ടടുത്തുനിന്നാണ് വെടിയുതിര്‍ത്തിട്ടുള്ളതെന്നും ആധുനികതോക്കില്‍നിന്നാണ് ഇതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

ബാലിസ്റ്റിക് റിപ്പോര്‍ട്ടും കെമിക്കല്‍ റിപ്പോര്‍ട്ടുംകൂടി ലഭിക്കാനുണ്ടെന്നും ഇതുകൂടി ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂയെന്നും അഗളി സി.ഐ. കെ.എം. ദേവസ്യ പറഞ്ഞു

ബെന്നിയെ വെടിവെച്ചത് തങ്ങളല്ലെന്ന് മാവോവാദികളില്‍ ചിലര്‍ എടവാണി ഊരിലെത്തി പറഞ്ഞതായി ഊരുവാസികള്‍ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് പൊതുവേയുള്ള ധാരണയും ഇതേമട്ടിലാണ്. അതേസമയം, ബെന്നിക്ക് വെടിയേറ്റ ദിവസം മാവോവാദികള്‍ സമീപത്തെ ഒരു ഊരിലെത്തി തങ്ങള്‍ക്ക് ഒരബദ്ധം പറ്റിയെന്നുപറഞ്ഞതായും പറയപ്പെടുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചനയില്ല.

സായുധസേനയായ തണ്ടര്‍ബോള്‍ട്ടിന്റെ തോക്കില്‍നിന്ന് വെടിയുതിര്‍ന്നതാണെന്ന വാദം പോലീസ് നിഷേധിക്കുന്നുണ്ട്.
അന്വേഷണം ഗതിമാറ്റിവിടാനും പോലീസിനെ മാനസികമായി തകര്‍ക്കാനുംവേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും പോലീസ് പറയുന്നു. ബെന്നിയുടെ കുടുംബത്തിന് അടിയന്തരസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പോലീസന്വേഷണം മന്ദഗതിയിലാണെന്നും യഥാര്‍ഥപ്രതികളെ ഉടന്‍ പിടികൂടണമെന്നും ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. സത്യന്‍ ആവശ്യപ്പെട്ടു.

അതേസമയം, ബെന്നിയുടെ മരണശേഷം അട്ടപ്പാടിയില്‍ മാവോവാദികളുടെ പ്രചാരണ പരിപാടികള്‍ കുറഞ്ഞതായാണ് പോലീസ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്.

 

 




MathrubhumiMatrimonial