Crime News

നിഷാം ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍

Posted on: 05 Mar 2015


ബെംഗളൂരു: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂരില്‍ അറസ്റ്റിലായ മുഹമ്മദ് നിഷാമിനെ ബെംഗളൂരുവിലെ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബെംഗളൂരുവില്‍ നിഷാമിനെതിരെ എടുത്ത രണ്ട് കേസുകളിലാണ് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചതിനെ ത്തുടര്‍ന്ന് നിഷാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തൃശ്ശൂരില്‍നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് നിഷാമിനെ കബണ്‍ പാര്‍ക്ക് പോലീസ് ബെംഗളൂരുവിലെത്തിച്ചത്. കഴിഞ്ഞ 23-ന് കര്‍ണാടക പോലീസ് വിയ്യൂരിലെത്തി അറസ്റ്റു വാറണ്ടുള്ള കാര്യം രേഖാമൂലം അറിയിച്ചിരുന്നു. ഏപ്രില്‍ 17-ന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു വാറണ്ട്.

ഒരു വര്‍ഷം മുമ്പ് ബെംഗളൂരുവില്‍ മലയാള ചലച്ചിത്ര നടിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ പുലികേശിനഗര്‍ പോലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ നിഷാം മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.

കബണ്‍പാര്‍ക്ക് പോലിസ് എടുത്ത കൊലപാതക ശ്രമക്കേസാണ് മറ്റൊന്ന്. ഈ രണ്ട് കേസിലുമാണ് നിഷാമിനെ കോടതിയില്‍ ഹാജരാക്കിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സുമന്‍ റൊദ്ദാമിനെ കാറിടിക്കാന്‍ ശ്രമിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിലെ യു.ബി. മാളിന് സമീപം നിഷാം താമസിച്ചിരുന്നു. രാത്രി വൈകിയെത്തുന്ന ഇയാള്‍ ആഡംബര കാറുകള്‍ ശബ്ദത്തോടെ ഓടിച്ചതിനെത്തുടര്‍ന്ന് രാത്രി വൈകി വാഹനം ഓടിക്കരുതെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. യു.ബി. മാള്‍ പരിസരത്ത് കാര്‍ കിടക്കുന്നത് കണ്ട് സുമന്‍ സെക്യൂരിറ്റി ജീവനക്കാരോട് ശബ്ദ ശല്യത്തെക്കുറിച്ച് പരാതിയും പറഞ്ഞു. ഇതേത്തുടര്‍ന്ന് കാര്‍ മാറ്റാന്‍ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ നിഷാമിനോട് ആവശ്യപ്പെട്ടു. ഇതില്‍ അമര്‍ഷം പൂണ്ട നിഷാം കാറോടിച്ച് സുമന്‍ റൊദ്ദാമിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെട്ട റൊദ്ദാമിനുനേരെ രണ്ട് കൈത്തോക്കുകള്‍ ചൂണ്ടി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പരാതിയില്‍ ഫിബ്രവരി 17-നാണ് കബണ്‍ പാര്‍ക്ക് പോലീസ് കേസെടുക്കുന്നത്. ഈ കേസില്‍ തുടരന്വേഷണത്തിനായാണ് നിഷാമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

 

 




MathrubhumiMatrimonial