Crime News

സോളാര്‍ തട്ടിപ്പ്: സി.ബി.ഐ. അന്വേഷണം വേണമെന്ന വി.എസ്സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: 05 Mar 2015


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ഈ ഘട്ടത്തില്‍ സി.ബി.ഐ.ക്ക് വിടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണം ശരിയല്ലെന്നും സി.ബി.ഐ.ക്ക് വിടണമെന്നുമുള്ള വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 33 കേസിലും അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഒരു കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണെന്നും സര്‍ക്കാറിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചു.

മൂന്ന് കേസില്‍ വിചാരണ നടക്കുന്നുണ്ട്. മൂന്ന് കേസുകള്‍ ഒത്തുതീര്‍ന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പില്‍ പൊതു ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ബോധിപ്പിച്ചു.

പരാതിയില്‍ പോലീസ് കേസെടുത്തതിനു പുറമേ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. കമ്മീഷനില്‍ ഹര്‍ജിക്കാരനുള്‍പ്പെടെ തെളിവ് നല്‍കിയിട്ടുമുണ്ട്. ഒട്ടേറെ കക്ഷികളുള്ള ഈ കേസില്‍ ഈ ഘട്ടത്തില്‍ ഇടപെടേണ്ട കാര്യമില്ല.
കുറ്റകൃത്യങ്ങളുടെ പേരില്‍ ശരിയായ രീതിയില്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിഭാഗം ബോധിപ്പിച്ചു. ആദായ നികുതി വകുപ്പിനെയും പ്രത്യക്ഷ നികുതി ബോര്‍ഡിനെയും ഉള്‍പ്പെടുത്തി അന്വേഷണം വിപുലമാക്കാന്‍ സി.ബി.ഐ. വേണം എന്നായിരുന്നു വി.എസ്സിന്റെ ഹര്‍ജിയിലെ വാദം.
കൂടുതല്‍ വസ്തുതകള്‍ ബോധിപ്പിക്കാനുണ്ടെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

 

 




MathrubhumiMatrimonial