goodnews head

സ്ത്രീകള്‍ക്ക് കൈത്താങ്ങായി സ്‌നേഹനിധി

Posted on: 04 Mar 2015


കാസര്‍കോട്: അവശത അനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന കുടുംബശ്രീമിഷന്റെ സ്‌നേഹനിധി പദ്ധതി ഏപ്രില്‍ മാസത്തോടെ തുടങ്ങും. ഇതിന്റെ ചുവടുപിടിച്ച് ജില്ലയിലെ 42 സി.ഡി.എസ്സുകളിലും പദ്ധതി ആരംഭിക്കാന്‍ ധാരണയായി.

പദ്ധതിപ്രകാരം 18നും 60നും ഇടയില്‍ പ്രായമുള്ള മാറാരോഗികള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍, മനുഷ്യക്കടത്തിനിരയായ സ്ത്രീകള്‍, അംഗവൈകല്യമുള്ളവര്‍, അപകടത്തില്‍പ്പെട്ട് സഹായം ലഭിക്കാത്തവര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട് അവശതയനുഭവിക്കുന്നവര്‍, പെട്ടെന്നുളള രോഗം, മരണം എന്നിവമൂലം പ്രതിസന്ധിയിലായവര്‍, പ്രകൃതിദുരന്തം, അത്യാഹിതം എന്നിവയില്‍ പ്രയാസം നേരിടുന്നവര്‍, രോഗംവന്ന് ചികിത്സിക്കാന്‍ കഴിയാത്തവര്‍, അനാഥര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് സഹായം ലഭിക്കുക.

സ്‌നേഹനിധിയില്‍നിന്ന് സഹായധനം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി എന്നിവര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ലഭിച്ച് പരമാവധി 15 ദിവസത്തിനുള്ളില്‍ സഹായധനം നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ അപേക്ഷ ലഭിക്കാന്‍ കാത്തുനില്‍ക്കാതെ സഹായം നല്കാന്‍ സ്വമേധയാ നടപടി സ്വീകരിക്കും. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ അംഗങ്ങളായുളള സ്‌നേഹനിധി കമ്മിറ്റിയാണ് ഓരോ സി.ഡി.എസ്. തലത്തിലും രൂപവത്കരിക്കുന്നത്. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണും കണ്‍വീനര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.

സി.ഡി.എസ്. പരിധിയില്‍വരുന്ന എല്ലാ കുടുംബശ്രീ അംഗങ്ങളില്‍നിന്നും പ്രതിമാസം ഏറ്റവും ചുരുങ്ങിയ തുക സംഭാവനയായി സ്വീകരിച്ചും കലാകായികസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ച് മിച്ചംവരുന്ന തുകയും ഉപയോഗിച്ചാണ് സ്‌നേഹനിധി ഫണ്ട് രൂപവത്കരിക്കുന്നത്.

 

 




MathrubhumiMatrimonial