Crime News

അന്തര്‍ജില്ലാ പകല്‍മോഷ്ടാക്കള്‍ പിടിയില്‍

Posted on: 04 Mar 2015


കൊട്ടാരക്കര: നാടിനെ ഭയപ്പെടുത്തിയിരുന്ന പകല്‍മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അന്തര്‍ജില്ലാ മോഷണസംഘം വലയിലായത്. നേമം കാരയ്ക്കാമണ്ഡപം ഫര്‍ഹാന്‍ വില്ലയില്‍ നവാസ് (42), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കടയില്‍മുടുമ്പ് പഴവിളാകത്ത് വീട്ടില്‍ കൊപ്ര ബിജു എന്നുവിളിക്കുന്ന രാജേഷ് (34), കൊല്ലം കിളികൊല്ലൂര്‍ അനുഗ്രഹ നഗര്‍ 180 നെടിയവിളാകത്ത് കല്ലുംപുറത്തുവീട്ടില്‍ സമീര്‍ (37) എന്നിവരാണ് കൊല്ലം റൂറല്‍ പോലീസിലെ ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ?ജിമ്മി അനി എന്ന അനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു. അനില്‍കുമാറിനും മറ്റ് രണ്ടുപേര്‍ക്കും വേണ്ടിയുള്ള തിരച്ചിലും പോലീസ് തുടങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ഇരുപതോളം മോഷണങ്ങള്‍ സംഘം നടത്തിയതായി പോലീസ് പറയുന്നു.

കൊട്ടാരക്കര സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട കൊച്ചാലുംമൂട്ടില്‍ അധ്യാപിക ജയകുമാരി, മൈലം കുന്നക്കരയില്‍ അധ്യാപിക ജൂലി, ഇഞ്ചക്കാട് മുല്ലമുക്കില്‍ ജോണ്‍കുട്ടി, ഇഞ്ചക്കാട് അഡ്വ. ശിവശങ്കരപ്പിള്ള, അഡ്വ. ശിവന്‍കുട്ടി, നെല്ലിക്കുന്നത്ത് പോലീസുകാരന്‍ ഓമനക്കുട്ടന്‍, ലോവര്‍ കരിക്കത്ത് ഏബ്രഹാം എന്നിവരുടെ വീടുകളിലും കുണ്ടറ പുന്നമുക്കില്‍ കോശി പണിക്കര്‍, പൂയപ്പള്ളി, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലായി മൂന്ന് വീടുകള്‍ എന്നിവിടങ്ങളിലും മോഷണം നടത്തിയത് പിടിയിലായ സംഘമാണ്. കോട്ടയം ചിങ്ങവനത്ത് നൈനാന്‍സ് കോളേജ് ഉടമയുടെ വീട്ടില്‍നിന്ന് വിലകൂടിയ ഡയമണ്ട് നെക്‌ലസ്, സ്വര്‍ണാഭരണങ്ങള്‍, ക്യാമറ, വിദേശമദ്യം എന്നിവ മോഷ്ടിച്ച സംഘം പത്തനംതിട്ട, കൂടല്‍, പന്തളം, അടൂര്‍ എന്നിവിടങ്ങളിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി.

വാടകയ്‌ക്കെടുത്ത ആഡംബരകാറുകളില്‍ കറങ്ങുന്ന സംഘം ആളില്ലാത്ത വീടുകള്‍ കണ്ടെത്തുകയും പകല്‍ തന്നെ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് മോഷണം നടത്തുകയുമാണ് രീതി. ഹൈഡ്രോളിക് കട്ടറും കമ്പിപ്പാരകളും ഉപയോഗിച്ച് പൂട്ടുകളും വാതിലുകളും തകര്‍ക്കുന്ന സംഘം മോഷണത്തിലൂടെ കൈക്കലാക്കുന്ന ആഭരണങ്ങളും ഉപകരണങ്ങളും കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കും. പിടിയാലയ പ്രതികള്‍ പൂന്തുറ, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, മ്യൂസിയം, പൂജപ്പുര, വര്‍ക്കല, വട്ടിയൂര്‍ക്കാവ്, കിളികൊല്ലൂര്‍, കൊല്ലം ഈസ്റ്റ്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി അറുപതോളം മോഷണക്കേസുകളില്‍ പ്രതിയാണ്. പിടിയിലാകുമ്പോള്‍ പോലീസിനെ ആക്രമിച്ച് കടക്കുന്നതില്‍ പ്രസിദ്ധനാണ് കൊപ്ര ബിജു.

ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ സമര്‍ഥമായ നീക്കങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. എസ്.പി. ശശികുമാറിന്റെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി. അനില്‍ദാസ്, സി.ഐ. ഷൈനു തോമസ്, എസ്.ഐ. ബെന്നിലാലു, സ്‌ക്വാഡ് എസ്.ഐ. ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സംഘങ്ങളാണ് തിരച്ചിലില്‍ പങ്കെടുത്തത്. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയാന്‍ ശ്രമിച്ച സ്‌ക്വാഡിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ സഹായികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്.പി. ശശികുമാര്‍ പറഞ്ഞു. എ.എസ്.ഐ. ശിവശങ്കരപ്പിള്ള, എ.സി.ഷാജഹാന്‍, രാധാകൃഷ്ണപിള്ള, അജയകുമാര്‍, ആഷിര്‍ കോഹൂര്‍, ബിനു, എ.എസ്.ഐ. കുഞ്ഞുമോന്‍, രാധാകൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ. രാജു, രഘു, ഹുസൈന്‍, അശോകന്‍, രമേശന്‍, രാജന്‍, സെന്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മോഷ്ടാക്കളെ പിടികൂടിയ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി ശുപാര്‍ശ ചെയ്യുമെന്നും എസ്.പി. അറിയിച്ചു.

 

 




MathrubhumiMatrimonial