
മരംവീഴാതെ ചന്ദനത്തടി അറുത്തുകടത്തി
Posted on: 04 Mar 2015
ജയന്‍ വാരിയത്ത്

മറയൂര്‍: അതിവിദഗ്ധമായി ചന്ദനമരം മുറിച്ചുകടത്തി. മറയൂര്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ സ്ഥലത്തു നിന്നിരുന്ന ചന്ദനമരമാണ് അറത്തുകടത്തിയത്. ശിഖരങ്ങള്‍ മുഴുവന്‍ തൊട്ടടുത്ത മരങ്ങളില്‍ വലിച്ചുകെട്ടി താഴെവീഴില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് പ്രധാന ചന്ദനത്തടി മോഷ്ടാക്കള്‍ അറത്തത്. ഇപ്പോള്‍ ആകാശത്ത് ശിഖരങ്ങളും താഴെ ചന്ദനക്കുറ്റിയുമായി മരംനില്ക്കുന്ന നിലയിലാണ്.
അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന തടിയാണ് കടത്തിയത്. തോളില്‍ചാരി താഴെ വീഴാതെയാണ് മരം കടത്തിയത്. ലോറികളില്‍ സാധനങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് ചരടും കയറുമാണ് ശിഖരങ്ങള്‍ മരത്തില്‍ കെട്ടാന്‍ ഉപയോഗിച്ചിട്ടുള്ളത്. വലിയ തടി ഉടനെതന്നെ വാഹനത്തില്‍ കടത്തിയതായി സംശയിക്കുന്നു. ശബ്ദമില്ലാത്ത മെഷിന്‍വാളാണ് ഇപ്പോള്‍ മോഷ്ടാക്കള്‍ ഉപയോഗിക്കുന്നത്.
