
വെളിച്ചപ്പാട് ഇന്നുമെത്തുന്നു; മായന്‍ മുസ്‌ല്യാരുടെ കബറിടത്തില്‍
Posted on: 04 Mar 2015

വടകര: പുതുപ്പണം കളരിയുള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ വീടുകള്‍ കയറിയിറങ്ങുന്ന വെളിച്ചപ്പാട് മുടങ്ങാതെ എത്തുന്ന ഒരു സ്ഥലമുണ്ട്. ചീനംവീട് പള്ളിയിലെ മായന്‍ മുസ്‌ല്യാരുടെ ഖബറിടത്തില്‍. ഇവിടെ വണങ്ങി, കാണിക്ക സമര്‍പ്പിച്ച്, പ്രാര്‍ഥിച്ചശേഷം വെളിച്ചപ്പാട് മടങ്ങുമ്പോള്‍ തിളങ്ങുന്നത് വിശ്വാസം മാത്രമല്ല, മതസൗഹാര്‍ദത്തെ നെഞ്ചോടുചേര്‍ത്ത പൂര്‍വികരുടെ ഓര്‍മകള്‍ കൂടിയാണ്.
കളരിയുള്ളതില്‍ ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനത്തിലാണ് നാടുചുറ്റി അനുഗ്രഹമേകുന്ന വെളിച്ചപ്പാട് ചീനംവീട് പള്ളിയിലെത്തുന്നത്. അപൂര്‍വമായൊരു സൗഹൃദത്തിന്റെ കഥയാണ് ഈ ആചാരത്തിന് പിന്നിലുള്ള ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചീനംവീട് പ്രദേശത്ത് ജീവിച്ചിരുന്ന മഹാപണ്ഡിതനും വ്യാപാരിയുമായിരുന്നു മായന്‍ മുസ്‌ല്യാര്‍. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്ന വ്യക്തികൂടിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സഹായിയായിരുന്നു പാലക്കാട്ടുകാരനായ കുങ്കര്‍.
ഇവര്‍ രണ്ടുപേരും കച്ചവടത്തിനായി പാലക്കാട്ട് പോയപ്പോള്‍ കുട്ടിച്ചാത്തന്‍ തിറയാട്ടം കാണാനിടയായി. കുങ്കറുടെ നിസ്വാര്‍ഥപ്രാര്‍ഥനയില്‍ സംപ്രീതനായ കുട്ടിച്ചാത്തന്‍ചൈതന്യം അവരുടെകൂടെ പുതുപ്പണത്തേക്ക് വന്നതായും ആ ചൈതന്യത്തെ കളരിയുള്ളതില്‍ കളരി ഭഗവതിക്ഷേത്രത്തോട് ചേര്‍ന്ന് പ്രതിഷ്ഠിച്ചതായും പറയുന്നു. കളരിയുള്ളതില്‍ ക്ഷേത്രം ഓലകെട്ടിമേയാനുള്ള സഹായം ചെയ്തത് മായന്‍ മുസ്‌ല്യാരുടെ സഹായത്താലായിരുന്നുവെന്നും പറയുന്നുണ്ട്. സി.പി. അബൂബക്കറിന്റെ നോവലായ 'മുറിവേറ്റവരുടെ യാത്രകള്‍', ജയപ്രകാശ് പുതുപ്പണത്തിന്റെ നോവലായ 'ശിലാചിത്രങ്ങള്‍' എന്നിവയില്‍ ഈ ഐതിഹ്യം സംബന്ധിച്ച് പരാമര്‍ശമുണ്ട്.
ഇതിന്റെയൊക്കെ ഓര്‍മയിലാണ് ഉത്സവദിവസം വെളിച്ചപ്പാട് മായന്‍ മുസ്‌ല്യാരുടെ ഖബറിടത്തില്‍ എത്തുന്നതെന്നാണ് വിശ്വാസം. ഈ ഖബറിടത്തില്‍ ഹിന്ദുമതവിശ്വാസികളും കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ മുസ്‌ലിങ്ങളും കാണിക്കയര്‍പ്പിച്ച് പ്രാര്‍ഥിക്കാറുണ്ട്.
