
കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖം: സംപ്രേഷണത്തിന് വിലക്ക്
Posted on: 04 Mar 2015
കേന്ദ്രം റിപ്പോര്‍ട്ട് തേടി

മുകേഷ് സിങ് അഭിമുഖം നല്‍കിയതിനെക്കുറിച്ച് കേന്ദ്രം ജയിലധികൃതരുടെ റിപ്പോര്‍ട്ട് തേടി. ബലാത്സംഗത്തെ ന്യായീകരിച്ചുള്ള അഭിമുഖം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിഹാര്‍ ജയിലില്‍ ഡി.ജി.പി. ജനറല്‍ അലോക് കുമാര്‍ വര്‍മയെ വിളിച്ച് അതൃപ്തി അറിയിച്ചു. പ്രതിയെ ജയിലില്‍ അഭിമുഖം നടത്തിയത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയിലാണ് അഭിമുഖത്തിന്റെ പൂര്‍ണരൂപമുള്ളത്. ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ 2013 ജൂലായില്‍ ലെസ്ലീ ഉഡ്വിന്‍ എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരിക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിലെ വ്യവസ്ഥ പ്രകാരം പ്രതികളുടെ അഭിമുഖത്തിന്റെ വീഡിയോ ജയിലധികൃതര്‍ കണ്ട് അനുമതി നല്‍കേണ്ടിയിരുന്നു. ഇതുണ്ടായില്ലെന്നാണ് മന്ത്രാലയം പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. 2014-ല്‍ ഡോക്യുമെന്ററി ബി.ബി.സി.ക്ക് കൈമാറിയ വിവരവും ലെസ്ലീ ഉഡ്വിന്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു.
ബലാത്സംഗത്തിന് കാരണക്കാര്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണെന്നായിരുന്നു പ്രതി മുകേഷ് സിങ്ങിന്റെ അഭിപ്രായപ്രകടനം. രാത്രി ഒമ്പതുമണിക്കുശേഷം ചുറ്റിക്കറങ്ങുന്ന പെണ്‍കുട്ടികളുടെ സ്വഭാവം നല്ലതല്ലെന്നും ബസ്സില്‍ ബലാത്സംഗത്തിനിരയായ യുവതി നിശ്ശബ്ദമായി സഹകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടില്ലായിരുന്നെന്നുമാണ് മുകേഷ് അഭിപ്രായപ്പെട്ടത്.
