
ഒടുവില്‍ ജയ്ഷയുടെ കുടുംബത്തിന് ആശ്വാസം
Posted on: 25 Feb 2015

മാനന്തവാടി: ഇന്ത്യയുടെ അഭിമാനതാരം ഒ.പി. ജയ്ഷയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ആധാരമില്ല എന്നത് ഇനി ഒരു തടസ്സമാവില്ല. തൃശ്ശിലേരിയിലെ 'ജയാലയ'ത്തില്‍ ജയ്ഷയുടെ കുടുംബത്തെതേടി കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതരെത്തി. അച്ഛന്‍ പി.കെ. വേണുഗോപാലന്‍ നായര്‍ക്കും അമ്മ ശ്രീദേവിക്കും അവര്‍ ആധാരം തിരികെ നല്‍കി. ജയ്ഷയുടെ കുടുംബം വീടില്ലാതെ ബുദ്ധിമുട്ടുന്ന വിവരം 'മാതൃഭൂമി'യിലൂടെ അറിഞ്ഞാണ് ബാങ്ക് അധികൃതരെത്തിയത്.
ഫിബ്രവരി 22ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 'ജയിക്കാനായ് ജനിച്ചവള്‍' എന്ന തലക്കെട്ടില്‍ ജയ്ഷയെക്കുറിച്ച് സചിത്രലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഉപജീവനത്തിനായി പശുവിനെ വാങ്ങാന്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെവന്ന നിര്‍ധന കുടുംബത്തിന്റെ കഥ.
1996ലാണ് ജയ്ഷയുടെ കുടുംബം കാട്ടിക്കുളത്തെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് അരലക്ഷം രൂപ വായ്പയെടുത്തത്. നോര്‍ത്ത്‌സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കുകള്‍ ലയിക്കുന്നതിന് മുമ്പായിരുന്നു ഇത്. ഈയിനത്തില്‍ 45,194 രൂപയാണ് ജയ്ഷയുടെ കുടുംബം ബാങ്കിലടയ്ക്കാനുണ്ടായിരുന്നത്. ചേച്ചി ജയശ്രീയുടെ പേരിലായിരുന്നു വായ്പ.
വിവരമറിഞ്ഞ ബാങ്ക് അധികൃതരുടെ കാര്യക്ഷമമായ ഇടപെടലിനെത്തുടര്‍ന്ന് വായ്പ എഴുതിത്തള്ളി. ആധാരം തിരികെ നല്‍കുകയും ചെയ്തു. ജയ്ഷ ഒളിമ്പിക് മാരത്തണില്‍ മത്സരിക്കാന്‍ യോഗ്യത നേടിയതിന് പിന്നാലെയാണ് ഈ സന്തോഷവും തേടിയെത്തിയത്. വീട് നിര്‍മിക്കാന്‍ വായ്പ നല്‍കാനുള്ള സന്നദ്ധത അറിയിച്ചാണ് കല്പറ്റ ഗ്രാമീണ്‍ബാങ്ക് റീജ്യണല്‍ മാനേജര്‍ കെ.പി. മോഹന്‍ദാസും കാട്ടിക്കുളം ശാഖാ മാനേജര്‍ എം. സുധാകരനും ചൊവ്വാഴ്ച മടങ്ങിയത്. മാരത്തണ്‍ ഓടുന്നതിനുള്ള ഷൂവിനുള്ള പണവും ജയ്ഷയ്ക്ക് നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ആധാരം കൈയില്‍ കിട്ടിയതിനാല്‍ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ഇനി അധികനാള്‍ വേണ്ടിവരില്ലെന്നാണ് എഴുപത്തി അഞ്ച് പിന്നിട്ട വേണുഗോപാലന്‍ നായര്‍ കരുതുന്നത്. ബാങ്കില്‍നിന്ന് ആധാരങ്ങള്‍ മടക്കിവാങ്ങി വീട്ടിലേക്ക് തിരികെപോകുന്ന വേളയില്‍ ഒരു കത്ത് വേണുഗോപാലന്‍ നായര്‍ കെ.വി. മോഹന്‍ദാസിനെ ഏല്‍പ്പിച്ചു. ഒ.പി. ജയ്ഷയെപറ്റി ലേഖനം പ്രസിദ്ധീകരിച്ച 'മാതൃഭൂമി'ക്കുള്ള നന്ദിയായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.
