
മൂപ്പന്‍ കരാറുകാരനായി; നെടുങ്കയത്ത് പത്ത് വീടൊരുങ്ങുന്നു
Posted on: 20 Feb 2015
കെ. താജഷാദ്

കരുളായി: കരാറുകാരുടെ ചൂഷണത്തില്‍ മനംമടുത്ത നെടുങ്കയത്തെ ആദിവാസികള്‍ ഇക്കുറി തങ്ങള്‍ക്കനുവദിച്ച വീടുനിര്‍മിക്കാന്‍ ഏല്‍പിച്ചത് സ്വന്തം മൂപ്പനെ. കാട്ടിലെ മറ്റുജോലികള്‍ ചെയ്തുനടന്നിരുന്ന നെടുങ്കയത്തെ മൂപ്പന്‍ എന്‍. ശിവരാജന്‍ അങ്ങനെ കരാറുകാരനുമായി. ഐ.എ.വൈ പദ്ധതിപ്രകാരം നെടുങ്കയംകാര്‍ക്ക് അനുവദിച്ച പത്തുവീടുകളാണ് മൂപ്പന്‍ നിര്‍മിക്കുന്നത്.
രണ്ടരലക്ഷംരൂപയാണ് ഒരുവീടിന് അനുവദിച്ചതുക. രണ്ടുമുറിയും ഒരു ഹാളും അടുക്കളയും സിറ്റൗട്ടുമുള്ള വീടുകളാണ് മൂപ്പന്റെ ചുമതലയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എല്ലാം മെയിന്‍വാര്‍പ്പിന് തയ്യാറായിട്ടുണ്ട്. മാര്‍ച്ച് 31നുമുമ്പുതന്നെ വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് എന്‍. ശിവരാജന്‍ പറഞ്ഞു.
നെടുങ്കയത്ത് വീട് അനുവദിക്കുമ്പോള്‍ അത് കരാറെടുക്കാന്‍ പുറത്തുനിന്നുള്ളവര്‍ എത്തും. പലരും പണിതുടങ്ങി മുഴുവനാക്കാതെ നിര്‍ത്തിപ്പോകും. ചിലര്‍ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ നിര്‍മാണത്തിനുപയോഗിച്ച് പരമാവധി ഇവരെ ചൂഷണംചെയ്യും. നാലുവര്‍ഷം മുമ്പനുവദിച്ച പൂര്‍ത്തിയാക്കാത്ത വീടുകള്‍ ഇപ്പോഴും നെടുങ്കയത്തുണ്ട്.
ഇത്തരം കാര്യങ്ങള്‍ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കള്‍ നിര്‍മാണച്ചുമതല ഏറ്റെടുക്കാന്‍ മൂപ്പനോട് അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് കരുളായി വി.ഇ.ഒ ടി.കെ. ഷെരീഫ് അഹമ്മദിനെ നേരിട്ടുകണ്ട് സംസാരിച്ചു. ഈ നിര്‍ദേശം നല്ലതാണെന്ന് വി.ഇ.ഒ അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് ശിവരാജന്‍ വീടുനിര്‍മാണം തുടങ്ങിയത്.
മൂപ്പന്റെ പണിയില്‍ ഗുണഭോക്താക്കള്‍ സംതൃപ്തരാണ്. നല്ല ഗുണനിലവാരമുള്ള വെട്ടുകല്ലുകളാണ് പണിക്കായി ഇറക്കിയത്. ആവശ്യത്തിനുള്ള മണല്‍ പുഴയില്‍നിന്ന് വാരുകയുംചെയ്തു. ഒരുവീടിന് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി 90 പ്രവൃത്തികളും ലഭിച്ചു. മാത്രമല്ല നിര്‍മാണപ്രവൃത്തിയില്‍ കോളനിക്കാര്‍ക്ക് നല്ല പ്രാമുഖ്യം ലഭിക്കുകയുംചെയ്തു. എന്തായാലും നെടുങ്കയത്ത് ഇതുവരെ ഒരുങ്ങിയ വീടുകളേക്കാള്‍ നിലവാരമുള്ള വീടുകളാണ് ഒരുങ്ങുന്നതെന്ന് പ്രവൃത്തികണ്ടാല്‍ മനസ്സിലാകും.
ബുധനാഴ്ച കരുളായിയിലെ വി.ഇ.ഒമാരായ ഷെരീഫ്, ജയപ്രകാശ് എന്നിവര്‍ പോയി വീടുകളുടെ പ്രവൃത്തി നിരീക്ഷിച്ചുമടങ്ങി. നിരന്തരം ചൂഷണത്തിനു വിധേയമായ ഒരു ജനത സ്വയംതിരിച്ചറിഞ്ഞ് അവരില്‍നിന്നൊരാളെത്തന്നെ തിരഞ്ഞെടുത്ത് പണി ഏല്‍പിച്ചത് മറ്റു കോളനികളിലെയും ചൂഷണം തടയാന്‍ കാരണമായേക്കും.
