goodnews head

പട്ടണമധ്യത്തിലെ തിരക്കുള്ള കടയിലും അങ്ങാടിക്കുരുവിക്കൊരിടം

Posted on: 19 Feb 2015



കോട്ടയം: എണ്ണയും ശര്‍ക്കരയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടയ്ക്കുപുറത്ത് അങ്ങാടിക്കുരുവികള്‍ക്കും കൂടൊരുക്കി വ്യാപാരി. കോട്ടയം മാര്‍ക്കറ്റിലെ ജോമി മാത്യുവാണ് നാലുവര്‍ഷമായി അങ്ങാടിക്കുരുവികള്‍ക്ക് അഭയം നല്‍കുന്നത്. അടുത്തുള്ള വ്യാപാരികളും ഇതുമായി സഹകരിക്കുന്നു.

അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനായി സംസ്ഥാന വനംവകുപ്പ് എല്ലാ ജില്ലകളിലും നൂറുകൂടുവീതം സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. സന്നദ്ധസംഘടനകളുെടയും വ്യക്തികളുെടയും സഹായത്തോടെയാണിത്. മാര്‍ച്ച് 20ന് ലോക അങ്ങാടിക്കുരുവിദിനം ആചരിക്കുന്നതിനുമുമ്പ് എല്ലാ ജില്ലകളിലെയും പ്രധാന പട്ടണങ്ങളില്‍ കൂടുകള്‍ സ്ഥാപിക്കും.

എന്നാല്‍, സര്‍ക്കാര്‍ പദ്ധതി തുടങ്ങുന്നതിനു വളരെമുമ്പേ ജോമി കുരുവിസംരക്ഷണം ആരംഭിച്ചിരുന്നു. കടകളില്‍ വന്നിരിക്കുന്ന കുരുവികള്‍ക്ക് ഒരു കൂടൊരുക്കിക്കൊണ്ടായിരുന്നു തുടക്കം.

കുരുവികള്‍ ശല്യക്കാരല്ലെന്നു ബോധ്യമായതോടെ, സമീപത്തുള്ള വ്യാപാരികളും ഒപ്പംകൂടി. മണ്‍കലങ്ങളിലാണ് കൂടുകള്‍. ജോമിയുടെ കടയില്‍ പത്തുകൂടുണ്ട്. ഈ ബ്ലോക്കില്‍മാത്രം ആകെ 30 കൂട്. ഇവയിലെല്ലാമായി 300ലേറെ പക്ഷികളുണ്ട്.

ജോമിയുടെ ജാക്‌സ് ഏജന്‍സീസ്, സമീപത്തെ ശ്രീവെങ്കിടേശ്വര സ്റ്റോഴ്‌സ്, ന്യൂ കൊടുങ്ങല്ലൂര്‍ കയര്‍ സ്റ്റോഴ്‌സ്, ബെഡ് എമ്പോറിയം തുടങ്ങിയ കടകളിലെല്ലാം കുരുവിക്കൂട്ടങ്ങളെ കാണാം.

അങ്ങാടിക്കുരുവികള്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണു വിശ്വാസം. അന്യംനിന്നുപോകുമായിരുന്ന ഒരു പാവം പക്ഷിവര്‍ഗത്തിന് ആശ്വാസംപകരുന്നതാണ് ഈ വിശ്വാസം. കുരുവികള്‍ കൂടിയതോടെ തന്റെ വ്യാപാരവും മെച്ചപ്പെട്ടെന്ന് ജോമി പറയുന്നു.

അങ്ങാടിക്കുരുവികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ നോക്കാം-ഒരുചാക്ക് അരി ഇവയ്ക്കായി തുറന്നുവയ്ക്കും. അത് പക്ഷികള്‍ക്കുമാത്രമുള്ളതാണ്. അവധിദിവസങ്ങളില്‍ ഇവയ്ക്കായി അരി പുറത്തു വെച്ചിരിക്കും.

കട തുറക്കുന്നതുംകാത്ത് കുരുവികളിരിക്കുന്നത് കൗതുകക്കാഴ്ച. അച്ചടക്കമുള്ള പക്ഷികള്‍ അധികമൊന്നും അകത്തേയ്ക്കു കടക്കാറില്ല. എത്ര ചൂടാണെങ്കിലും കുറഞ്ഞ സ്പീഡിലേ ഫാനിടൂ. അല്ലെങ്കില്‍ കുരുവിക്കുഞ്ഞുങ്ങള്‍ പറക്കാന്‍ പഠിക്കുമ്പോള്‍ ഫാനിന്റെ ലീഫില്‍ത്തട്ടിവീണ് ചാകും.

നിരീക്ഷണക്യാമറയുടെ പരിധിയിലാണ് കൂടുകള്‍. കട അടച്ചാലും പുറത്തെ ക്യാമറക്കണ്ണുകള്‍ തുറന്നിരിക്കും. ഇത്തിരിക്കുഞ്ഞന്മാര്‍ക്ക് ഹൈടെക് സുരക്ഷയുടെ തണലില്‍ ഉറങ്ങാം.

ഇനിയും കൂടുതല്‍ സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കടയുടമ. ഇവയ്ക്ക് സ്റ്റീല്‍ത്തട്ടത്തില്‍ വെള്ളം സ്ഥിരമായി നല്‍കും. ഇപ്പോള്‍ ഇത് ഒഴിച്ചുകൊടുക്കുകയാണ്. ചെറിയ ഊഞ്ഞാലുകള്‍ കൂടുതലായി സ്ഥാപിക്കും. ഈ പക്ഷിപ്രേമിയെ കോട്ടയം നേച്ചര്‍ സൊസൈറ്റി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

മനുഷ്യനോടിണങ്ങുന്ന പട്ടണപ്പക്ഷി


പട്ടണങ്ങളില്‍ കൂടുതലായി കാണുന്ന തീരെച്ചെറിയ പക്ഷിയാണ് അങ്ങാടിക്കുരുവി. ലോകവ്യാപകമായുണ്ട്, മനുഷ്യനോടിണങ്ങും. ശാസ്ത്രനാമം പാസ്സര്‍ ഡൊമെസ്റ്റിക്കസ്. ഇംഗ്ലീഷ് പേര് ഹൗസ് സ്പാരോ. മലയാളത്തില്‍ അങ്ങാടിക്കുരുവി, നാരായണക്കിളി, ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു. കാലാവസ്ഥാവ്യതിയാനവുംമറ്റുംമൂലം എണ്ണം വന്‍തോതില്‍ കുറയുന്നു. അന്യംനിന്നുകൊണ്ടിരിക്കുന്ന പക്ഷിവര്‍ഗത്തെക്കുറിച്ചുള്ള റെഡ് ഡേറ്റാബുക്കില്‍ ഇതിന്റെ പേരും രേഖപ്പെടുത്തിക്കഴിഞ്ഞു. മുട്ടകള്‍ക്ക് പല്ലിമുട്ടയെക്കാള്‍ കുറച്ചുകൂടി വലിപ്പംമാത്രം. വിരിയുന്നവയില്‍ പകുതിയിലേറെ ചത്തുപോകും.

ഒരുകൂട്ടില്‍ മുട്ടയിടുമ്പോള്‍ത്തന്നെ അടുത്തതവണത്തെ മുട്ടകള്‍ക്കായി മറ്റൊരുകൂട് തയ്യാറാക്കും.
ധാന്യങ്ങള്‍, ചെറുപ്രാണികള്‍, കൊതുകുകള്‍, ചെള്ളുകള്‍ എന്നിവ തിന്നും. ആണ്‍കിളിക്ക് കൊക്കിനുമുകളില്‍ വരയുണ്ട്; പെണ്‍കിളിക്കില്ല. കൂടുതല്‍ ധാന്യങ്ങള്‍ തിന്നുന്നതിനാല്‍ ഇവ എപ്പോഴും വെള്ളം കുടിക്കുമെന്നും കോട്ടയം നേച്ചര്‍ സൊസൈറ്റിയംഗം പി.ബിനു പറഞ്ഞു.

 

 




MathrubhumiMatrimonial