
അറിവിടമൊരുക്കാന്‍ 60 ലക്ഷത്തിന്റെ ഭൂമി; ഇത് മണിമാഷിന്റെ മാതൃക
Posted on: 19 Feb 2015

പുറത്തൂര്‍: ഓലക്കെട്ടിടത്തിലെ ചുരുങ്ങിയ സൗകര്യങ്ങളില്‍ അറിവുതേടിയെത്തിയിരുന്ന ചമ്രവട്ടത്തെ കുരുന്നുകള്‍ക്കിനി ആശ്വസിക്കാം; അവര്‍ക്കുപഠിക്കാന്‍ നല്ല കെട്ടിടം ഒരുങ്ങുന്നു. അറുപതുലക്ഷംരൂപ വിലവരുന്ന ഭൂമി, അങ്കണവാടിക്കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി വിട്ടുകൊടുത്തത് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന അധ്യാപകന്‍ - കിഴക്കേപ്പാട്ട് ഗോപാലകൃഷ്ണന്‍ എന്ന മണിമാഷ്.
ചമ്രവട്ടത്തെ പ്രധാന റോഡിനോടു ചേര്‍ന്നുള്ള സ്ഥലമാണ് ഗോപാലകൃഷ്ണന്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡിലെ 72-ാം നമ്പര്‍ അങ്കണവാടിക്കു നല്‍കിയത്. 35 വര്‍ഷമായി ഓലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് നല്ല കെട്ടിടത്തിനായി തൃപ്രങ്ങോട് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിരുന്നു. എന്നാല്‍ സ്ഥലം ലഭിക്കാത്തതിനാല്‍ നിര്‍മാണം മുടങ്ങി. തുടര്‍ന്ന് വാര്‍ഡ് അംഗം പാട്ടത്തില്‍ ഇബ്രാഹിംകുട്ടി ഗോപാലകൃഷ്ണനെ സമീപിക്കുകയായിരുന്നു. മൂന്നുസെന്റാണ് വാര്‍ഡ് അംഗം ആവശ്യപ്പെട്ടത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ നാലുസെന്റ് സ്ഥലം നല്‍കി. 15 ലക്ഷത്തിനടുത്ത് ഈ സ്ഥലത്തിനു വിലവരും. സ്ഥലം കിട്ടിയതോടെ കെട്ടിടനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയായി. മാര്‍ച്ചില്‍ ഉദ്ഘാടനം നടക്കും.
1994ല്‍ പ്രൈമറി അധ്യാപകനായി വിരമിച്ച ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ രണ്ട് ഏക്കറിനടുത്ത് ഭൂമിയില്‍ കൃഷിചെയ്യുന്നുണ്ട്. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
