ഒരു പൊതിച്ചോറിലുണ്ട്, ഒരായിരം പുണ്യം
Posted on: 04 Nov 2014
കെ.കെ.സുബൈര്‍
'പട്ടിണി കിടക്കുന്നവനു മുന്‍പില്‍ ഭക്ഷണത്തിന്റെ രൂപത്തില്‍ മാത്രമേ ദൈവത്തിനു പ്രത്യക്ഷപ്പെടാനാവൂ' -ഗാന്ധിജി
തിന്നുതീര്‍ക്കാനാവാതെ ടണ്‍ കണക്കിനു ഭക്ഷണമാണ് നിത്യവും പാഴാകുന്നത്. ആഡംബരപൂര്‍വമായ ആഘോഷവേളകളില്‍ ബാക്കിവരുന്ന ശുദ്ധമായ ഭക്ഷണം മിക്കപ്പോഴും മാലിന്യങ്ങളില്‍ ചെന്നവസാനിക്കുകയാണ് പതിവ്. സേവനസന്നദ്ധതയോടെ ഒന്ന് കൈകോര്‍ത്താല്‍ പട്ടിണി വരിഞ്ഞുമുറുക്കിയ ആയിരങ്ങള്‍ക്ക് അവ വിതരണം ചെയ്യാനാകും. അതുവഴി ഉളള ഭക്ഷണംകൊണ്ടുതന്നെ ഒരു സമൂഹത്തിന്റെ വിശപ്പ് മാറ്റാനുമാകും
കത്തുന്ന വിശപ്പ് സഹിക്കാനാവാതെ സ്വന്തം ക്ലാസിലെ വിദ്യാര്‍ഥിയുടെ ചോറ് കട്ടുതിന്ന അധ്യാപകനെക്കുറിച്ച് കാരൂരിന്റെ 'പൊതിച്ചോറ് ' എന്ന കഥയില്‍ പറയുന്നുണ്ട്. പന്ത്രണ്ട് രൂപ മാത്രം ശമ്പളം പറ്റുന്ന പഴയകാല അധ്യാപകന് മറ്റൊരു വഴിയുമില്ലായിരുന്നു. ചോറ് മോഷണംപോയതോടെ വിശന്നുവാടി കണ്ണീരൊലിപ്പിച്ച് നിന്ന ആറുവയസ്സുകാരനായ വിദ്യാര്‍ഥിയുടെ ദുഖതീക്ഷ്ണമായ മുഖവും അധ്യാപകന്റെ പൊള്ളുന്ന കുറ്റബോധവും ആ കഥയില്‍ തെളിഞ്ഞുകാണാം....
ആ കഥയുടെ ജീവിതചുറ്റുപാടുകളില്‍ നിന്നും കാലമേറെ കടന്നുപോയി. വിശന്നുജീവിക്കുന്ന അധ്യാപകര്‍ ഇന്ന് നമ്മുടെ കഥാപാത്രങ്ങളേയല്ല. ആഘോഷവേളകള്‍ ഏറിയതോടെ ഭക്ഷ്യസുഖലോലുപതയുടെ വൈവിധ്യങ്ങളാണ് എങ്ങും. തിന്നുതീര്‍ക്കാനാവാതെ അവയില്‍ നല്ലൊരുഭാഗവും പാഴാവുകയാണ്. അപ്പോഴും കാളുന്ന വിശപ്പുമായി ജീവിതത്തിന്റെ ഓരങ്ങളിലൂടെ നടന്നുപോകുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. സമൃദ്ധിയുടെ ഈ തീന്‍മേശകളില്‍ നിന്ന് ഒരു പൊതിച്ചോറ് അവര്‍ക്ക് സമ്മാനിച്ചുകൂടേ? നേരിന്റെ അകക്കാമ്പുളള ആ കഥയാണ് ഇവിടെ പറയുന്നത്.
നാല് മാസം മുമ്പൊരു രാത്രിയാണ് പയ്യാമ്പലത്തെ വിവാഹപ്പന്തലില്‍ നിന്ന് മുഹമ്മദ് താഹിറിന്റെ ഫോണിലേക്ക് ഒരു വിളിവന്നത്. അല്പം ഭക്ഷണം ബാക്കിയുണ്ടെന്നും വരണമെന്നുമായിരുന്നു നിര്‍ദേശം. ആയിക്കരയിലെ അത്താഴക്കൂട്ടത്തിന്റെ മുന്‍നിരപ്രവര്‍ത്തകനായ താഹിര്‍ മൂന്ന് കൂട്ടുകാരെയും കൂട്ടി അപ്പോള്‍ തന്നെ പയ്യാമ്പലത്തേക്ക് വിട്ടു. രണ്ട് ബൈക്കുകളിലായി രണ്ട് ചെറിയ ചെമ്പുപാത്രങ്ങളുമെടുത്തായിരുന്നു പോക്ക്. അമ്പതുപേര്‍ക്കുളള ഭക്ഷണമാണ് പ്രതീക്ഷിച്ചത്. പരമാവധി നൂറുപേര്‍ക്കുളള ഭക്ഷണം വരെ ഈ ചെറിയ ചെമ്പുപാത്രങ്ങളില്‍ കുത്തിക്കൊളളിക്കാം. എന്തിനാണ് ഇത്രയും ഭക്ഷണം ശേഖരിക്കുതെന്നല്ലേ? കണ്ണൂര്‍ നഗരത്തന്റെ പാതയോരങ്ങളില്‍ വിശപ്പ് കടിച്ചമര്‍ത്തി കഴിഞ്ഞുകൂടുന്നവര്‍ക്ക് ഒരു പൊതിച്ചോറെങ്കിലും നല്‍കുകയായിരുന്നു ലക്ഷ്യം.
വിവാഹപ്പാര്‍ട്ടിയുടെ അടുക്കളയിലെത്തിയപ്പോള്‍ ഭക്ഷണത്തിന്റെ കൂമ്പാരമാണ് ഇവര്‍ കണ്ടത്. അമ്പതും നൂറുമല്ല, അഞ്ഞൂറിലേറെപേര്‍ക്കുളള ഭക്ഷണം അവിടെയുണ്ടായിരുന്നു. മുന്നൂറോളം മട്ടന്‍ ബിരിയാണി. വില കണക്കാക്കിയാല്‍ ചുരുങ്ങിയത് അറുപതിനായിരം രൂപയെങ്കിലും വരും. ചിക്കനും വെജിറ്റേറിയനുമുള്‍പ്പെടെ ഇരുന്നൂറിലേറെപ്പേര്‍ക്കുളള ഭക്ഷണം വേറെ. മൊത്തത്തില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ ഭക്ഷണമാണ് ബാക്കിവന്നത്. പാകംചെയ്തത് പ്രശസ്തരായ പ്രൊഫഷണല്‍ പാചക്കാരായതിനാല്‍ ഇവ കൂടുതല്‍ രുചിയൂറുതുമായിരുന്നു. 1500 ലേറെ പേരെയാണ് വിവാഹത്തിനു പ്രതീക്ഷിച്ചതെങ്കിലും ആയിരത്തോളം ആളുകളേ എത്തിയുളളൂ. അതുകൊണ്ടാണ് ഇത്രയേറെ ഭക്ഷണം ബാക്കിവന്നത്.
ബൈക്കില്‍ കൊണ്ടുവരാന്‍ പറ്റാത്തതുകൊണ്ട് ഒരു ഗുഡ്‌സ് ഓട്ടോ തന്നെ വിളിക്കേണ്ടിവന്നു. ഭക്ഷണമെല്ലാം പാക്ക്‌ചെയ്ത് ഓട്ടോയില്‍ കയറ്റി. സ്ഥലംവിടുന്നതിനു മുമ്പ് ഇവര്‍ വിവാഹനടത്തിപ്പുകാരോട് ഒരു കാര്യം ചോദിച്ചു. ഞങ്ങള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ ഭക്ഷണമെല്ലാം എന്ത് ചെയ്യുമായിരുന്നു? ഉത്തരം ഉടന്‍വന്നു, വലിയൊരു കുഴി നാട്ടി അതിലിട്ട് മൂടും.
കുഴിച്ചുമൂടുമായിരുന്ന ആ ഭക്ഷണപ്പൊതികളുമായി അവര്‍ നേരെപ്പോയത് സൗത്ത് ബസാറിലേക്ക്. റോഡരികിലെ നടപ്പാതയില്‍ പഴകിപ്പതിഞ്ഞ തുണിവിരിച്ചുറങ്ങാന്‍ നോക്കുന്നവരെ തട്ടിവിളിച്ച് ഈ ഭക്ഷണപ്പൊതി നീട്ടി. ദാരിദ്ര്യത്തിന്റെ ആ ദൈന്യമുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നുവന്നു. നഗരച്ചൂടില്‍ വെന്തുരുകുകയും പട്ടിണി വരിഞ്ഞുമുറുക്കുകയും ചെയ്ത ഒരു പകല്‍ക്കൂടി വകഞ്ഞുമാറ്റിയാണ് അവര്‍ അന്തിയുറങ്ങാന്‍ വരുന്നത്. വിശപ്പ് വിടാതെ വേട്ടയാടുതിനാല്‍ അതിന്റെ വേദന അവര്‍ മറന്നുകഴിഞ്ഞിരുന്നു. എങ്കിലും ഒരു പോതിച്ചോറ് കിട്ടിയപ്പോള്‍ ഒരു വലിയ ഖനി കിട്ടിയ അത്യാഹ്ലാദം അവരില്‍ അലതല്ലി. വിധി ജീവിതത്തെ തെരുവോരങ്ങളില്‍ കെട്ടിനിര്‍ത്തിയ മനുഷ്യരിലേക്ക് ഭക്ഷണപ്പൊതികള്‍ നീട്ടി അവര്‍ നാലുപേരും നീങ്ങി. ജില്ലാ ഹോസ്പിറ്റല്‍, റെയില്‍വെസ്റ്റേഷന്‍, പഴയബസ്റ്റാന്റ്, ടൗണ്‍ മാര്‍ക്കറ്റ്, സ്‌റ്റേഡിയം കോര്‍ണര്‍ തുടങ്ങി കണ്ണൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വിശപ്പമര്‍ത്തിക്കഴിയുന്നവര്‍ക്ക് ഗുഡ്‌സ് ഓട്ടോയിലെ മുഴുവന്‍ ഭക്ഷണപ്പൊതികളും കൊടുത്തുതീര്‍ത്തു.
മഹാത്മജിയുടെ വാക്കുകളില്‍ അന്നംകൊണ്ടുളള ഈ ദാനധര്‍മ്മം ദൈവികമാണ്. ഓരോ മണിച്ചോറിലും ഒരു ജീവന്‍ തുടിക്കുന്നുണ്ട്. ഒരു വറ്റുപോലും വെറുതെക്കളയരുതെന്ന വിശുദ്ധമായ സന്ദേശമാണ് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ പകര്‍ന്നുതരുന്നത്. പണവും അന്നവുമില്ലാതെ ഒരു വിഭാഗം പട്ടിണികിടക്കുമ്പോള്‍, ഉളള ഭക്ഷണംകൊണ്ടുതന്നെ വലിയൊരു ജനവിഭാഗത്തിനു ഉണ്ടുകഴിയാനുളള മാര്‍ഗമാണ് ഇവര്‍ തുറന്നുകാട്ടുന്നത്. പാഴാകുമായിരുന്ന ഭക്ഷണം പുനര്‍വിതരണം ചെയ്ത് ഒരു സമൂഹത്തിന്റെ വിശപ്പടക്കാമെന്ന പാഠം.
ഇതൊരു അത്താഴക്കൂട്ടായ്മ
ഒരു വര്‍ഷം മുമ്പാണ് ആയിക്കരയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് അത്താഴക്കൂട്ടം രൂപവത്ക്കരിച്ചത്. ഒരു പൊതുപരിപാടിയില്‍ ഭക്ഷണം ബാക്കിവന്നതാണ് അതിനു നിമിത്തമായത്. നാല്പതോളം പൊതിഭക്ഷണങ്ങള്‍ ബാക്കിവന്നപ്പോള്‍ അതെന്ത് ചെയ്യുമെന്ന ചോദ്യമുയര്‍ന്നു. ഇവ നഗരത്തില്‍ വിശന്നുകഴിയുന്ന ആര്‍ക്കെങ്കിലും കൊടുത്തുനോക്കിയാലോ എന്ന ആശയം ഉദിച്ചു. അങ്ങനെ ഭക്ഷണപ്പൊതികളുമായി അവര്‍ ആദ്യം പോയത് ആയിക്കര തുറമുഖത്തായിരുന്നു. അവിടെയുണ്ടായിരുന്ന തമിഴ് സ്വദേശിയോട് അല്പം ഭക്ഷണമുണ്ടെന്നും അത് തരട്ടേയെന്നും ഇവര്‍ മടിച്ചുമടിച്ച് ചോദിച്ചു. പ്രതികൂലമായി പ്രതികരിച്ചാലോയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ വിശന്നുതളര്‍ന്നിരുന്ന അദ്ദേഹം സന്തോഷപൂര്‍വം അത് സ്വീകരിക്കുക മാത്രമല്ല, അത് കൊടുത്തവരെ കാല്‍തൊട്ട് വന്ദിക്കാനും ശ്രമിച്ചു. ആറ് പൊതികള്‍ ആയിക്കരയില്‍ തന്നെ ചെലവായി. ബാക്കി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അരമണിക്കൂറിനകം വിതരണം ചെയ്ത് തീര്‍ത്തു.
സമൃദ്ധിയുടെ സുഖക്കാഴ്ച്ചകള്‍ക്കിടയിലും വിശന്നുവലയുന്ന ധാരാളം പേര്‍ ഈ നാട്ടിലുണ്ടെന്ന സത്യം ഇതവരെ ബോധ്യപ്പെടുത്തി. അത്താഴക്കൂട്ടത്തിനു അടുപ്പുകൂട്ടാന്‍ അതവര്‍ക്ക് പ്രചോദനമേകി. നാട്ടില്‍ നടക്കുന്ന കല്യാണങ്ങളിലും സത്ക്കാരങ്ങളിലും ഗൃഹപ്രവേശത്തിലും പൊതുസമ്മേളനങ്ങളിലും മറ്റനേകം ആഘോഷക്കൂട്ടായ്മകളിലും എത്രയെത്ര ഭക്ഷണസാധനങ്ങള്‍ ബാക്കിവരുന്നുവെന്ന ചോദ്യം ഇവരെ മതിച്ചുകൊണ്ടിരുന്നു. ഇത്തരം ആഘോഷപരിപാടികളില്‍ ബാക്കിയുണ്ടാകുന്ന ഭക്ഷണങ്ങള്‍ ശേഖരിച്ച് അവ ആവശ്യമായിവരുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് വിതരണം ചെയ്തുകൂടേയെന്ന് അവര്‍ ആലോചിച്ചു. അന്നുതന്നെ അക്കാര്യത്തില്‍ തീരുമാനവുമെടുത്തു. ഈ ആശയം ഉയര്‍ത്തിക്കാട്ടിയുളള വീഡിയോ തയ്യാറാക്കി വാട്ട്‌സ് ആപ്പിലിട്ടു. അതിശയിപ്പിക്കുന്ന പ്രതികരണമാണ് അതിനു കിട്ടിയത്. മൂന്ന് ദിവസത്തിനിടെ ഗള്‍ഫ് നാടുകളില്‍ നിന്നുള്‍പ്പെടെ ആയിരത്തോളം കോളുകളാണ് വന്നതെന്ന് താഹിര്‍ പറഞ്ഞു.
കല്യാണം ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷപ്പാര്‍ട്ടികളില്‍ നിന്ന് വിളിവരാന്‍ തുടങ്ങി. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കോളുകള്‍ വരുന്നത്. ആയിക്കരയിലെ ഇരുപതോളം ചെറുപ്പക്കാരാണ് അത്താഴക്കൂട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളും കൂലിപ്പണിക്കാരും കച്ചവടക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ സഹകരണവുമുണ്ട്.
ആഘോഷപരിപാടികള്‍ കൂടുതലായി നടക്കുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രധാനമായും ഇവരുടെ പ്രവര്‍ത്തനം. ബാക്കിവന്ന ഭക്ഷണം ശേഖരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ഏതെണ്ടെല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ക്ക് വിളിവരുന്നുണ്ട്. ചില ആഴ്ചകളില്‍ മറ്റുദിവസങ്ങളിലും വിളിയുണ്ടാകാറുണ്ട്. കല്യാണം, ഗൃഹപ്രവേശം, പിറന്നാളാഘോഷം തുടങ്ങിയ വേദികളില്‍ നിന്നാണ് വിളിവരുന്നത്. ഓരോ ആഴ്ചയും അഞ്ഞൂറിലേറെ പേര്‍ക്കുളള ഭക്ഷണത്തിന്റെ വിളിവരാറുണ്ട്. മതിയായ സംവിധാനമില്ലാത്തതിനാല്‍ മുന്നൂറോളം പേര്‍ക്കുളള ഭക്ഷണമേ ഓരോ ആഴ്ചയും ശേഖരിച്ച് വിതരണം ചെയ്യാന്‍ കഴിയുന്നുളളൂ. നൂറിലേറെ പേര്‍ക്കുളള ഭക്ഷണം കല്യാണവീടുകളില്‍ ബാക്കിവരുന്നത് സ്ഥിരാനുഭവമാണ്. ആഘോഷപരിപാടിയുടെ ഭാഗമായി പാകംചെയ്യുന്ന ഭക്ഷണമായതിനാല്‍ ഇവ ഏറ്റവും വൃത്തിയും വെടിപ്പുമുളളതായിരിക്കും. ആഘോഷപരിപാടികള്‍ തീരുന്നത് പലപ്പോഴും വൈകുന്നേരമായതുകൊണ്ട് ഭക്ഷണം ശേഖരിക്കാന്‍ രാത്രിയാണ് പോകേണ്ടിവരിക. അത്താഴക്കൂട്ടം എന്ന് പേരിട്ടതും അതുകൊണ്ടാണ്.
ഭക്ഷണം പാക്ക്‌ചെയ്യാനുളള പൊതിക്കും യാത്രയ്ക്കും വേണ്ടിയാണ് പണം ആവശ്യമായിവരുന്നത്. സ്വന്തം കീശയില്‍ നിന്ന് തന്നെ പണമെടുത്താണ് ഇത് ചെയ്യുന്നത്. സ്വന്തം വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നു. ചില അഭ്യുദയകാംക്ഷികള്‍ പൊതികള്‍ വാങ്ങിത്തരാറുമുണ്ട്. മൂന്ന് രൂപയുടെ കവറിലാണ് ഭക്ഷണം പൊതിയുന്നത്. ആദ്യമൊക്കെ താഹിറിന്റെ വീട്ടില്‍ വെച്ചാണ് ഇവ പാക്ക്‌ചെയ്തിരുന്നത്. സ്ഥലസൗകര്യം കുറവായതിനാല്‍ ആയിക്കരയില്‍ തന്നെയുളള കടമുറിയിലേക്ക് പ്രവര്‍ത്തനം മാറ്റി. ആ മുറി വാടക വാങ്ങാതെ ഉദാരമനസ്‌കനായ ഒരാള്‍ നല്‍കിയതാണ്. തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, ഇവര്‍ ഭക്ഷണമെത്തിച്ച് കൊടുക്കുന്നത്. പുറത്താരോടും പറയാതെ പട്ടിണി കടിച്ചമര്‍ത്തി കഴിയുന്ന ഇരുപതോളം വീടുകളിലും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കുടുംബവും ബന്ധുക്കളും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിതം തളളിനീക്കുന്നവര്‍ക്കും ഇവരുടെ കാരുണ്യസ്പര്‍ശമെത്തുന്നു. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും മതിയായി ഭക്ഷണം കഴിക്കുന്നതിന്റെ സംതൃപ്തി അവരില്‍ നിന്ന് വായിച്ചെടുക്കാം.
കൂത്തുപറമ്പും ഇരിട്ടിയും തളിപ്പറമ്പും ഉള്‍പ്പെടെ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തനം എത്തിവരുന്നുണ്ട്. അവിടെ നിന്നൊക്കെ കണ്ണൂര്‍ നഗരത്തില്‍ ഭക്ഷണമെത്തിച്ചാണ് വിതരണം ചെയ്യുന്നത്. കാസര്‍കോട്ടും സമാനമായ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഭക്ഷണം അമൂല്യമാണെന്നും അത് പാഴാക്കരുതുമെന്ന സന്ദേശം സമൂഹമനസ്സില്‍ ഊട്ടിയുറക്കുന്നത് പുതിയൊരു മാറ്റത്തിനു തിരികൊളുത്തുമെന്ന് പ്രതീക്ഷിക്കാം