
ചാക്കോ നല്‍കുന്ന 24 സെന്റില്‍ ഇനി സ്‌പെഷല്‍ സ്‌കൂളും വൃദ്ധസദനവും
Posted on: 28 Oct 2014

പത്തനംതിട്ട: നടവഴിക്ക് വീതികൂട്ടാന്‍ ഒരിഞ്ച് സ്ഥലം വിട്ടുനല്‍കാന്‍ പലരും തയ്യാറാകാത്ത ഈ കാലത്ത് കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായി ആവോളം വസ്തുക്കള്‍ വിട്ടുനല്‍കിയും ഇനിയും സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി നഗരസഭാ മൂന്നാം വാര്‍ഡിലെ വഞ്ചിപ്പൊയ്ക തേന്‍പാറ വീട്ടില്‍ ടി.ജി.ചാക്കോ മാതൃകയാവുന്നു. 1999ല്‍ നഗരസഭയ്ക്ക് അങ്കണ്‍വാടി വയ്ക്കാന്‍ 3 സെന്റ് നല്‍കിയ ചാക്കോ അതിന് പുറമേയാണ് വൃദ്ധസദനത്തിനായി 8 സെന്റും സ്‌പെഷല്‍ സ്‌കൂളിനായി 16 സെന്റും ദാനമായി ഇപ്പോള്‍ നല്‍കുന്നത്. നഗരസഭയുടെ ഈ രണ്ട് വലിയ പദ്ധതികള്‍ക്കും സ്ഥലസൗകര്യമില്ല എന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമായി.
അങ്കണ്‍വാടിയുടെ ഉദ്ഘാടന വേളയില്‍ നല്ല കാര്യങ്ങള്‍ക്ക് ഇനിയും സ്ഥലംനല്‍കാന്‍ തയ്യാറാണെന്നും പദ്ധതികള്‍ തന്റെ കാലത്തുതന്നെ പ്രവര്‍ത്തിച്ച് കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കളക്ടര്‍ എസ്.ഹരികിഷോര്‍ ചാക്കോയെ പൊന്നാടയണിയിച്ച് ആദരിച്ചു. പദ്ധതിയുടെ കല്ലിടീല്‍ കര്‍മ്മം നഗരസഭാ ചെയര്‍മാനും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിര്‍വഹിച്ചു. വൃദ്ധസദനത്തിന്റെ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ.സുരേഷ്‌കുമാര്‍ പറഞ്ഞു.
