
കണ്ടമ്പുള്ളി ബാലനാരായണന്‍
Posted on: 11 Aug 2009
ശ്രീകുമാര്‍ അരൂക്കുറ്റി

(ചെങ്ങല്ലൂര്‍ രംഗനാഥനായിരുന്നു മലയാളി കണ്ടിട്ടുള്ളതില്‍ വെച്ചുതന്നെ എക്കാലത്തെയും ഏറ്റവും വലിയ ഉയരക്കേമന്‍ എന്നാണ് പറയപ്പെടുന്നത്. ഇന്നിപ്പോള്‍ രംഗനാഥനെ കുറിച്ചോര്‍ക്കുവാന്‍ നമ്മള്‍ക്ക് മുന്നില്‍ ആകെ അവശേഷിക്കുന്നത് ഒന്നോ രണ്ടോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ മാത്രം.)
അസാധാരണമായ ഉയരപ്പെരുമയ്‌ക്കൊപ്പം ആരും കിടുങ്ങുന്ന തനി പോക്രിത്തരവും ഒത്തുചേര്‍ന്നവന്‍. ജന്മംകൊണ്ട് ബിഹാറിയായ ഈ 'ഹിമാലയപുത്രന്‍' മലയാളമണ്ണില്‍ തിരുവായ്ക്ക് എതിര്‍വായില്ലാത്തവിധം തന്റെ ഏകഛത്രാധിപത്യം അരക്കിട്ടുറപ്പിച്ചത് ഈ രണ്ട് വജ്രായുധങ്ങളും തേച്ചുമിനുക്കിയായിരുന്നു.
കണ്ടമ്പുള്ളിയാന ഉണ്ടെങ്കില്‍ ഉത്സവത്തിടമ്പിലേക്ക് മറ്റൊരാനയും കണ്ണെറിഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് ഉറപ്പാക്കിയിരുന്ന ഏതാനും പതിറ്റാണ്ടുകള്‍. ഒപ്പത്തിനൊപ്പം എന്നതുപോയിട്ട് കണ്ടമ്പുള്ളി വീരന്റെ തോളൊപ്പം വരെ പോലും മറ്റൊരുത്തനും എത്തിപ്പെടില്ലാതിരുന്ന ഒരു കാലഘട്ടം! ആനയുടെ ലക്ഷണങ്ങളേക്കാളും ഒറ്റനോട്ടത്തിലുള്ള ഭംഗിയേക്കാളും തലയെടുപ്പിനേക്കാളുമെല്ലാം അധികം, ഇരിക്കസ്ഥാനത്തിന്റെ ഉയരം എന്ന 'പൊക്കം' മാത്രം മാനദണ്ഡമാക്കപ്പെടുന്ന മത്സരപ്പൂരങ്ങളിലായിരുന്നു എന്നും കണ്ടമ്പുള്ളി വീരന്റെ കത്തിക്കയറലുകള്‍.
കുന്ദംകുളത്തിനടുത്തുള്ള പ്രശസ്ത ആനത്തറവാടായ കണ്ടമ്പുള്ളിത്തറവാട്ടിലെ പ്രകാശഗോപുരം എന്ന നിലയ്ക്കാണ് ബാലനാരായണന്‍ പ്രശസ്തനാകുന്നതെങ്കിലുംഎഴുപതുകളുടെ ആരംഭത്തില്‍ ഇവനെ ബിഹാറില്‍നിന്നും ദൈവത്തിന്റെ സ്വന്തം 'ഇട്ടാവട്ടം ഭൂമിക'യിലേക്ക് കൊട്ടുംകുരവയുമായി വരവേറ്റത് പട്ടാമ്പി സ്വദേശിയായ ഉദയവര്‍മന്‍ വക്കീലായിരുന്നു. സമാനതകളില്ലാത്ത ഉയരപ്രതാപത്തിന്റെ തങ്കത്തിളക്കവുമായി മലയാളക്കരയില്‍ കാലുകുത്തിയ ആന, തന്റെയും കുടുംബത്തിന്റെയും കീര്‍ത്തി ലോകം മുഴുവന്‍ എത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയായിരുന്നു ഉദയവര്‍മന്‍ വക്കീല്‍ ഈ ഉത്തുംഗശൃംഗത്തെ മലയാളിക്ക് പരിചയപ്പെടുത്തിയത്. പട്ടാമ്പി നാരായണന്‍ എന്നതായിരുന്നു അന്നത്തെ പേര്. പക്ഷേ, കണ്ടാല്‍ കണ്ണുകിട്ടുന്നൊരു ഉന്നതശീര്‍ഷന്‍ ഞാറ്റുവേലയുടെ നാട്ടിലെത്തിയിരിക്കുന്നു എന്ന വാര്‍ത്ത, നാലാള് കൂടുന്നിടത്തൊക്കെ അറിയും മുമ്പേ, ഉത്സവപ്പറമ്പുകളില്‍ ഒരു പേടിസ്വപ്നം അവതരിച്ചിരിക്കുന്നു എന്ന വ്യാഖ്യാനമാണ് ഇവനെപ്പറ്റി ആദ്യമായി മലയാളി മാനസങ്ങള്‍ ഏറ്റുവാങ്ങിയത്.
ഇവിടെയെത്തി മാസം ഒന്ന് തികയും മുമ്പുതന്നെ കക്ഷി, തനിക്ക് മലയാളഭാഷയും മലയാളിത്തവും പഠിപ്പിച്ചുതന്ന പാപ്പാനെ വകവരുത്തി. അതോടെത്തന്നെ ഉദയവര്‍മന്‍ വക്കീല്‍ അടക്കമുള്ളവരുടെ ഉള്ളൊന്ന് പിടഞ്ഞുകാണണം. പക്ഷേ, 'ഇതൊന്നും കണ്ട് ഞെട്ടണ്ട, ഞെട്ടാന്‍ ഇനി ഇരിക്കുന്നതേയുള്ളു' എന്ന മട്ടിലായിരുന്നു പട്ടാമ്പി നാരായണന്റെ പോക്ക്. പര്‍വതംപോലൊരു ആന, പച്ചയ്ക്ക് കത്തിക്കാന്‍ പാകത്തിലുള്ള സ്വഭാവം; അപ്പോള്‍ നാടായ നാടുകളും ജനങ്ങളായ ജനങ്ങളും കിടുങ്ങിവിറച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. കനത്ത ചങ്ങലകളാല്‍ ബന്ധിതനായ പട്ടാമ്പിയാന ഏതെങ്കിലും ഒരു അമ്പലപ്പറമ്പിലേക്ക് വരുന്നുണ്ടെങ്കില്‍ കുറേ ദൂരെയെത്തുമ്പോള്‍തന്നെ ആ ചങ്ങലകിലുക്കം കേള്‍ക്കുമായിരുന്നു.
പട്ടാമ്പിയാനയുടെ വീറും വാശിയും പിന്നെയും പലവട്ടം പരീക്ഷിക്കപ്പെട്ടു; പലകുറി അവന്റെ കൊമ്പുകളില്‍ ചോരപ്പാടുകള്‍ പതിഞ്ഞു. ഇതിനിടെ ആനയുടെ 'മല്ല്'കൊണ്ട് പൊറുതിമുട്ടിയ വക്കീല്‍ അവനെ വില്ക്കുന്നു. വാങ്ങിയതോ ഗജപരിപാലനരംഗത്ത് സുദീര്‍ഘമായ അനുഭവസമ്പത്തിന് ഉടമയായിരുന്നകണ്ടമ്പുള്ളി ആനത്തറവാട്ടിലെ കെ.ടി. ബാലനും. കണ്ടമ്പുള്ളി വീട്ടിലെ ബാലന്റെ സ്വന്തമായതോടെ പട്ടാമ്പി നാരായണന്‍ കണ്ടമ്പുള്ളി ബാലനാരായണനായി.
സ്വഭാവത്തിലെ തോന്ന്യാസങ്ങളുടെ കൃത്യം പ്രതിഫലനങ്ങള്‍ എന്നപോലെ ധാരാളം മയക്കുവെടികളും അവന്‍ വാങ്ങിക്കൂട്ടിയിരുന്നു. കേരളത്തില്‍തന്നെ ഏറ്റവുമധികം തവണ മയക്കുവെടി പ്രയോഗിക്കപ്പെട്ട ആനകളില്‍ ഒന്ന് എന്ന സവിശേഷതയും കണ്ടമ്പുള്ളി ബാലനാരായണന് അവകാശപ്പെട്ടതാണ്. ഇത്രയും കരുത്തും കൈയിലിരിപ്പുമുള്ള ഒരാനയെ വഴിനടത്തുമ്പോള്‍, ഏതുനിമിഷമാണ് തന്റെ ജീവന്‍ പൊലിയുക എന്ന പാപ്പാന്മാരുടെ ഉള്‍ഭയവും ആന വരുത്തിക്കൂട്ടുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ചുള്ള ഉടമകളുടെ ആശങ്കകളും കാരണമാവാം പോകെപ്പോകെ ബാലനാരായണന്റെ തണ്ടും തടിക്കും കാര്യമായ കോട്ടം സംഭവിച്ചു. മാറിമാറി കയറുന്ന പാപ്പാന്മാര്‍ കെട്ടിയഴിക്കലെന്ന പേരില്‍ അവശ്യം നടപ്പിലാക്കുന്ന മര്‍ദനങ്ങളുംഭക്ഷണകാര്യത്തിലെ നിയന്ത്രണങ്ങളുമൊക്കെയാവാം ഇത്തരം 'വാട്ട'ങ്ങള്‍ക്ക് കാരണം. അവസാനവര്‍ഷങ്ങളില്‍ ആന ശരിക്കും ക്ഷീണിച്ച് അവശനായിരുന്നു.
പക്ഷേ, പുരുഷാധിപത്യ മനുഷ്യസമൂഹത്തോട് നിരന്തരമായ സമരങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഈ ആനയുടെ മനസ്സിലും സ്നേഹത്തിന്റെ നറുനിലാവായി ഇടംപിടിച്ച ചിലരുണ്ടായിരുന്നു. ചില സ്ത്രീകള്‍! ഉദയവര്‍മന്‍ വക്കീലിന്റെ വീട്ടില്‍ വെച്ച്, അദ്ദേഹത്തിന്റെ ഒരു സഹോദരപത്‌നിയായിരുന്നു അവന്റെ ഇഷ്ടക്കാരിയെങ്കില്‍, കണ്ടമ്പുള്ളി വീട്ടില്‍ ഉടമയായ ബാലന്റെ അമ്മ പാര്‍വതിയമ്മയെന്ന പാറുമുത്തശ്ശിക്കായിരുന്നു ആ സ്ഥാനം. സ്വബോധത്തില്‍തന്നെ നല്ല നേരം നോക്കി അടുത്തുചെന്നില്ലെങ്കില്‍ മുനഷ്യരെ പറപറപ്പിക്കുമായിരുന്ന ബാലനാരായണന്‍ പക്ഷേ, മദപ്പാട് എന്ന നല്ല നട്ടപ്രാന്തിന്റെ ഹാലിളക്കത്തില്‍ ഉറഞ്ഞുതുള്ളി നില്ക്കുന്ന നേരത്തും പാറുവമ്മ അടുത്തുചെന്നാല്‍ അവന്‍ ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിനെപ്പോലെ വായില്‍ വിരലിട്ട്, മോണകാട്ടി ചിരിച്ച് അടങ്ങിയൊതുങ്ങി നില്ക്കുമായിരുന്നു. അവസാനം, ചൂണ്ടല്‍ മിഷന്‍ ആസ്പത്രിയില്‍ തീരെ അവശയായി കിടന്നപ്പോഴും പാറുവമ്മ 'എനിക്കെന്റെ മോനെ കാണണം' എന്നുപറഞ്ഞ് അവനെ ആസ്പത്രിയിലേക്ക് വിളിച്ചുവരുത്തി കാണുകയുമുണ്ടായി.
അവസാനകാലമായപ്പോഴേക്കും ബാലനാരായണന്റെ ആരോഗ്യസ്ഥിതി ശരിക്കും കഷ്ടത്തിലായിരുന്നു. എന്നാല്‍, ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പ് അവനെ കണ്ടമ്പുള്ളിക്കാരില്‍നിന്നും സ്വന്തമാക്കിയത്. അതോടെ ബാലനാരായണന്‍ നാണു എഴുത്തച്ഛന്‍ ശിവശങ്കരനുമായി. ഏഷ്യയിലെതന്നെ ഏറ്റവും ഉയരക്കേമനായ നാട്ടാന തങ്ങള്‍ക്ക് സ്വന്തം എന്ന അഭിമാനത്തിനപ്പുറം വലിയ സാമ്പത്തികലാഭം ഈ കച്ചവടത്തില്‍നിന്നും അവര്‍ പ്രതീക്ഷിച്ചിരുന്നോ എന്നതും സംശയമാണ്. മാത്രമല്ല, എഴുത്തച്ഛന്‍ ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വര്‍ഷക്കാലത്തിനുള്ളില്‍, മികച്ച ചികിത്സകളും പോഷകസമൃദ്ധമായ ഭക്ഷണങ്ങളും നല്‍കി അവന്റെ ആരോഗ്യം വീണ്ടെടുക്കുവാന്‍ അവര്‍ കാര്യമായി മനസ്സുവെക്കുകയും ചെയ്തിരുന്നു.
പക്ഷേ, എന്നിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി പെട്ടെന്നൊരുനാള്‍, ലോറിയില്‍ കയറ്റുവാനുള്ള ശ്രമത്തിനിടെ ബാലനാരായണന്‍ എന്ന നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍ കുഴഞ്ഞുവീണ് അന്ത്യശ്വാസം വലിക്കുകയായിരുന്നു. അതേ, ഇനി പുതിയ തലമുറകള്‍ക്കുമുന്നില്‍ ആ ഹിമാലയരാജനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രം!
sreekumararookutty@gmail.com
Tags: Elephant, Kerala Festivals, Anachantham, Kandambully Balanarayanan
