
സുമനസ്സുകള്‍ ഒരുമിച്ചു; അജിത്തിന് ഇനി വീടിന്റെ സുരക്ഷിതത്വം
Posted on: 07 Oct 2014

കാട്ടാക്കട: അജിത്ത് എന്ന ആറാംക്ലാസുകാരന് ഇനി മഴയെ പേടിക്കേണ്ട. ചോര്‍ന്നൊലിക്കുന്ന പുരയില്‍ മനോരോഗിയായ അമ്മയ്ക്കും വൃദ്ധയായ അമ്മൂമ്മയ്ക്കുമൊപ്പം ഭയന്ന് കഴിഞ്ഞിരുന്ന കട്ടയ്‌ക്കോട് സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ ഈ മിടുക്കന് കെട്ടുറപ്പുള്ള വീടായി. വിദ്യാര്‍ഥിയുടെ ദുരവസ്ഥ കണ്ടറിഞ്ഞ അധ്യാപകരുടെയും സുമനസ്സുകളുടെയും പ്രവര്‍ത്തനഫലമായി അടുക്കള ഉള്‍പ്പെടെ നാല് മുറിയുള്ള ഷീറ്റുമേഞ്ഞ വീടാണ് അജിത്തിന് സ്വന്തമായത്.
കട്ടയ്‌ക്കോട് മുഴവന്‍കോട് സ്വദേശിയായ അജിത്തിന്റെ അമ്മ റാണി മാനസിക രോഗിയാണ്. അമ്മൂമ്മ റോസമ്മയാണ് ഇവരെ സംരക്ഷിച്ചിരുന്നത്. ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്തിലെ ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. മഴ പെയ്താല്‍ പായവിരിച്ച് ഉറങ്ങാനാകില്ല. പല ദിവസങ്ങളിലും ഉണര്‍ന്നിരുന്നാണ് നേരംവെളുപ്പിച്ചിരുന്നത്.
കുടുംബത്തിന്റെ ദയനീയാവസ്ഥ നേരില്‍കണ്ട ക്ലാസ് അധ്യാപകനായ ജെ.ആര്‍. സാലുവാണ് അജിത്തിന് വീടെന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. നിരവധി വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് വീടുപണി പൂര്‍ത്തീകരിച്ചത്. ഇതിനിടെ വീടിന്റെ പണിയും ബാക്കി പ്രവൃത്തിയും ലയണ്‍സ് ക്ലബ്ബ് എയര്‍പോര്‍ട്ട് സിറ്റി പ്രസിഡന്റ് ഡോ. കണ്ണനും അംഗങ്ങളും ഏറ്റെടുത്തു.
സമയബന്ധിതമായി പണി പൂര്‍ത്തിയാക്കി അജിത് ഭവന്‍ എന്ന് പേരിട്ട വീടിന്റെ താക്കോല്‍ കഴിഞ്ഞദിവസം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. സ്റ്റീഫനും പി.ആര്‍.എസ്. ആശുപത്രി എം.ഡി. മുരുകനും ചേര്‍ന്ന് അജിത്തിന് നല്‍കി. മലപ്പനംകോട് കത്തോലിക്കാ പള്ളി വികാരി ഫാ. സൈമണ്‍ പീറ്റര്‍ വീട് ആശീര്‍വദിച്ചു. പാലുകാച്ചല്‍ ചടങ്ങിന് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വരൂപിച്ച 15,000 രൂപയുടെ വീട്ടുപകരണങ്ങളും സംഭാവനയായി നല്‍കി.
