
പരീക്ഷയെ പേടിക്കുന്നവരോട് ജീവിതത്തെ സ്നേഹിച്ച് അജിത്
Posted on: 28 Feb 2008

''നിന്റെ ഒറ്റ വാക്കുമതി പരാജിതര്‍ക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരുവാന്‍''- ഹൈക്കോടതി ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ ഒല്ലൂക്കരയിലെ അജിതിന്റെ വീട്ടിലെത്തി 'സൗഹാര്‍ദം' പദ്ധതി ഉദ്ഘാടനംചെയ്തുകൊണ്ട് പറഞ്ഞു. തൃശ്ശൂര്‍ കോടതിയിലെ യുവ അഭിഭാഷകനും, ഒല്ലൂക്കര മിഥുലയിലെ റിട്ട. ഡവലപ്‌മെന്റ് കമ്മീഷണര്‍ ആര്‍. വിജയരാജന്റെയും രാധയുടെയും മകനുമാണ് അജിത്‌രാജ്. 2006 നവംബര്‍ 11ന് മണ്ണുത്തിയില്‍വെച്ചാണ് ജീവിതം മാറ്റിമറിച്ച അപകടം. നടന്നുപോകുമ്പോള്‍ തട്ടിവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജൂബിലി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മസ്തിഷ്‌കാഘാതമാണ് സംഭവിച്ചത്. 11 മാസം അബോധാവസ്ഥയിലായിരുന്നു. നാലുമാസം വെന്റിലേറ്ററിലും. നാല് ന്യൂറോ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഈ 28കാരന്‍. ഡോ.എന്‍.ഐ. കുരിയനും ഡോ. രമേഷുമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. കുറച്ചുനാളുകളായി ആയുര്‍വേദചികിത്സയും നല്‍കിവരുന്നു. ഓര്‍മ്മ നഷ്ടപ്പെടാത്ത മസ്തിഷ്‌കവും തളരാത്ത ഇടതുകയ്യും ഉപയോഗിക്കാന്‍ വീട്ടില്‍ കിടന്ന് അജിത് ശ്രമിക്കുകയാണ്. ഫിസിയോ തെറാപ്പിസ്റ്റ് ഡോ. മനോജിന്റെ സഹായവുമുണ്ട്.
''ഡോക്ടര്‍മാരുടെയും സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനംകൊണ്ട് എനിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചു. നന്ദിയുണ്ട്. പ്രതിസന്ധികളില്‍ തളരുന്നവരെ സഹായിക്കും. അതാണ് എന്റെ ഇനിയുള്ള പ്രവര്‍ത്തനം''. വീല്‍ച്ചെയറിലിരുന്ന് ഗദ്ഗദത്തോടെ അജിത് പറഞ്ഞു.
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടും ഒപ്പമുണ്ടായി. അജിത്തിന്റെ അച്ഛന്‍ ആര്‍. വിജയരാജന്‍ വേദനയ്ക്കിടയിലും അഭിമാനം മറച്ചുവെച്ചില്ല. ''എന്റെ മകന്റെ സിദ്ധി അവന്റെ മനഃശക്തിയാണ്. തളരാത്ത മനസ്സ്.'' കൗണ്‍സലിങ് സെന്ററില്‍ അസോസിയേറ്റ് ഡയറക്ടറായ അജിത്‌രാജിനൊപ്പം ഏഴ് കൗണ്‍സിലേഴ്‌സുണ്ട്. ഫോണ്‍വഴിയാണ് അജിതിന്റെ സേവനം.
